ബ്രിട്ടീഷ് കൊളംബിയയിൽ നഴ്സുമാരുടെ സമരം ശക്തമാകുന്നു. സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെടുകയും പ്രതിസന്ധി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകാൻ യൂണിയൻ തീരുമാനിച്ചത്. ഈ വരുന്ന വാരാന്ത്യം മുതൽ ലോവർ മെയിൻലാൻഡ്, വാൻകൂവർ ഐലൻഡ് എന്നിവിടങ്ങളിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങൾക്ക് മുന്നിൽ പിക്കറ്റിംഗ് ആരംഭിക്കുമെന്ന് ബി.സി. നഴ്സസ് യൂണിയൻ (BCNU) അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച സറേ മെമ്മോറിയൽ ഹോസ്പിറ്റൽ, ജിം പാറ്റിസൺ ഔട്ട്പേഷ്യൻ്റ് കെയർ ആൻഡ് സർജറി സെൻ്റർ എന്നിവിടങ്ങളിൽ നഴ്സുമാർ പിക്കറ്റിംഗ് നടത്തിയിരുന്നു.
തങ്ങൾ വളരെ നിർണായകമായ ഒരു ഘട്ടത്തിലാണെന്ന് നഴ്സസ് യൂണിയൻ പ്രസിഡൻ്റ് അഡ്രിയാൻ ഗിയർ പറഞ്ഞു. രോഗികളുടെ സുരക്ഷയെ ബാധിക്കാത്ത രീതിയിൽ, അവശ്യ സേവനങ്ങൾ നിലനിർത്തിക്കൊണ്ടാണ് നഴ്സുമാർ സമരം ചെയ്യുന്നത്. സർക്കാരിന് വേണമെങ്കിൽ ഈ പ്രതിസന്ധി അവസാനിപ്പിക്കാം എന്നും അഡ്രിയാൻ ഗിയർ വ്യക്തമാക്കി.
സമരത്തിൽ പങ്കെടുക്കുന്ന നഴ്സുമാരെ അധികൃതർ ഭീഷണിപ്പെടുത്തുന്നതായി യൂണിയൻ ആരോപിച്ചു. നഴ്സിംഗ് ഇതര ജോലികൾ ചെയ്യാൻ നിർബന്ധിക്കുക, അധിക സമയം ജോലി ചെയ്യാൻ സമ്മർദ്ദം ചെലുത്തുക, അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുക എന്നിവ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി നഴ്സുമാർ പറയുന്നു. ഇതിനെതിരെ ബി.സി. ലേബർ റിലേഷൻസ് ബോർഡിൽ യൂണിയൻ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ ഭീഷണിപ്പെടുത്തൽ ആരോപണങ്ങൾ ഹോസ്പിറ്റൽ എംപ്ലോയേഴ്സ് അസോസിയേഷൻ നിഷേധിച്ചു. രോഗികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ചർച്ചകളിൽ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും സാമ്പത്തിക പാക്കേജുകളിലെ വിയോജിപ്പാണ് തടസ്സമായി നിൽക്കുന്നതെന്നും അവർ വ്യക്തമാക്കി. ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് തങ്ങൾ ഇപ്പോഴും തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു. സമരം ശക്തമാക്കുമെങ്കിലും ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങളുടെയും അത്യാഹിത വിഭാഗങ്ങളുടെയും പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും രോഗികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും നഴ്സസ് യൂണിയൻ അറിയിച്ചിട്ടുണ്ട്.