കാനഡയിലെ ഉദാരമായ ഇമിഗ്രേഷൻ നിയമങ്ങളെയും വിസാ വ്യവസ്ഥകളെയും ചൂഷണം ചെയ്തുകൊണ്ട് കുപ്രസിദ്ധ കുറ്റവാളി സംഘമായ ലോറൻസ് ബിഷ്ണോയ് ഗാംങ് തങ്ങളുടെ അന്താരാഷ്ട്ര ക്രിമിനൽ ശൃംഖല കാനഡയിലേക്ക് വ്യാപിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. വ്യാജ വിവരങ്ങൾ ചമച്ചും മറ്റും സ്റ്റുഡൻ്റ് വിസകളും ഫോറിൻ വർക്കർ വിസകളും കൈക്കലാക്കി ഇന്ത്യയിൽ നിന്നുള്ള യുവാക്കളെയും പ്രായപൂർത്തിയാകാത്തവരെയും ഈ സംഘം കാനഡയിലേക്ക് കടത്തുന്നതായി അടുത്തിടെ യു.എസ്, കനേഡിയൻ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ എത്തുന്ന വിദേശ തൊഴിലാളികളെയും വിദ്യാർത്ഥികളെയും തങ്ങളുടെ സംഘാങ്ങളാക്കി മാറ്റി കാനഡയെ പുതിയ അന്താരാഷ്ട്ര ഗുണ്ടാപ്പോരാട്ട വേദിയാക്കി മാറ്റുകയാണ് ബിഷ്ണോയ് സംഘം.
ലോറൻസ് ബിഷ്ണോയ് നയിക്കുന്ന ഈ അധോലോക സംഘടന, കാനഡയിലെ വാൻകൂവർ, ടൊറൻ്റോ, എഡ്മൻ്റൺ തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ച് വൻതോതിലുള്ള ഭീഷണിപ്പെടുത്തലുകൾ, കൊള്ളപ്പണം പിരിവ്, കൊലപാതകങ്ങൾ, മയക്കുമരുന്ന്-ആയുധക്കടത്ത് എന്നിവയാണ് നടത്തുന്നത്. കാനഡയിലെ ദക്ഷിണേഷ്യൻ ബിസിനസുകാരെ ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുക്കുന്നത്. കാനഡയിലെ ആബോട്സ്‌ഫോർഡ് പോലീസിന് ലഭിച്ച കത്തിൽ കാനഡയിലുടനീളം തങ്ങൾക്ക് ആയിരത്തിലധികം സായുധരായ അനുയായികൾ ഉണ്ടെന്നാണ് ഈ സംഘം അവകാശപ്പെട്ടത്. കാനഡയിലെ സുരക്ഷയ്ക്ക് വലിയ ഭീഷണിയായതിനെ തുടർന്ന് രാജ്യത്ത് ഈ സംഘത്തെ ഇതിനകം തന്നെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം ലോറൻസ് ബിഷ്ണോയ് ഗ്യാങിന്റെ വടക്കേ അമേരിക്കയിലെ തലവനായ സതീന്ദർജീത് സിംഗ് എന്ന ഗോൾഡി ബ്രാറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ 50,000 യു.എസ് ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു. ലൂസിയാന കോടതിയുടെ നിർദ്ദേശപ്രകാരം കടുത്ത വകുപ്പുകൾ ചുമത്തിയാണ് യു.എസ് ഫെഡറൽ വാറൻ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ആയുധധാരിയും അത്യന്തം അപകടകാരിയുമായ ഇയാൾക്ക് കാലിഫോർണിയ, കാനഡ, ഇന്ത്യ, മെക്സിക്കോ എന്നിവിടങ്ങളിൽ ശക്തമായ സ്വാധീനമുണ്ടെന്നും എഫ്.ബി.ഐ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര സംഘങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും കാനഡയും സംയുക്തമായി നടത്തുന്ന വലിയ സുരക്ഷാ നീക്കങ്ങളുടെ ഭാഗമായാണ് ഗോൾഡി ബ്രാറിനെതിരെ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലവീശിയിരിക്കുന്നത്.