കാൽഗറിയിൽ മാൾ ജീവനക്കാരെ കബളിപ്പിച്ചു കുടുംബത്തിൻ്റെ വൻ കവർച്ച; മോഷണത്തിന് എട്ടു വയസ്സുകാരനെയും ഉപയോഗിച്ചതായി പോലീസ്

By: 600110 On: Jul 9, 2026, 1:25 PM

കാൽഗറിയിലുള്ള പ്രമുഖ ഷോപ്പിംഗ് മാളിൽ ജീവനക്കാരുടെ ശ്രദ്ധതിരിച്ച് ഒരു കുടുംബത്തിലെ അംഗങ്ങൾ ചേർന്ന് നടത്തിയ വൻ ആഭരണ കവർച്ചയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളും പങ്കാളിയായതായി പോലീസ്. കഴിഞ്ഞ മാസം കാനഡയിലെ സി.എഫ് മാർക്കറ്റ് മാളിലാണ്  വൻ ആസൂത്രണത്തോടെയുള്ള ഈ മോഷണം നടന്നത്. മാളിലെ ആഭരണക്കടയിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടതായി ജീവനക്കാരൻ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരേ കുടുംബത്തിലെ ആറംഗങ്ങൾ ഉൾപ്പെട്ട ഞെട്ടിക്കുന്ന തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്തുവന്നത്. 

കടയിലെ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മുതിർന്നവർ ജീവനക്കാരോട് സംസാരിച്ച് അവരുടെ ശ്രദ്ധ തിരിക്കുന്നതിനിടയിൽ, പ്രായപൂർത്തിയാകാത്ത കുട്ടികൾ ചേർന്ന് ഏകദേശം 4,000 ഡോളർ  വിലമതിക്കുന്ന ആഭരണങ്ങളുമായി കടയിൽ നിന്ന് പുറത്തുപോകുന്നത് വ്യക്തമായി. മിനിറ്റുകൾക്കകം ബാക്കി കുടുംബാംഗങ്ങളും ഇവരെ പിന്തുടർന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രതികളിൽ ചിലരെ മാളിൽ നിന്നും, ബാക്കിയുള്ളവരെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന മോഷ്ടിച്ച ട്രക്കിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ട്രക്കിൽ നിന്ന് മറ്റ് കടകളിൽ നിന്നും മോഷ്ടിച്ച നിരവധി സാധനങ്ങളും പോലീസ് കണ്ടെടുത്തു. 

സംഭവത്തിൽ 16, 17 വയസ്സുള്ള രണ്ട് കുട്ടികൾക്കും 25, 34 വയസ്സുള്ള രണ്ട് സ്ത്രീകൾക്കുമെതിരെ മോഷണം, ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. കാൽഗറിയിൽ ഇത്തരം  മോഷണങ്ങൾ വർദ്ധിച്ചുവരികയാണെന്നും എന്നാൽ സ്വന്തം കുടുംബത്തിലെ ചെറിയ കുട്ടികളെപ്പോലും ഇതിനായി ഉപയോഗിച്ചത് അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണെന്നും കാൽഗറി പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട കേസായതിനാൽ 'യൂത്ത് ജസ്റ്റിസ് ആക്ട്' പ്രകാരം പ്രതികളുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.