'911' ഹെൽപ്പ്‌ലൈൻ നമ്പർ ദുരുപയോഗം ചെയ്യന്നതിനെതിരെ മുന്നറിയിപ്പുമായി പീൽ റീജിയണൽ പോലീസ്. ഇതുമായി ബന്ധപ്പെട്ട് വിചിത്രമായൊരു ഫോൺ കോളിൻ്റെ ഓഡിയോയും പോലീസ് പുറത്ത് വിട്ടു. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ബന്ധപ്പെടേണ്ട ഒന്നാണ് '911' എന്ന ഹെൽപ്പ്‌ലൈൻ നമ്പർ. എന്നാൽ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ബോധവല്ക്കരിക്കാൻ കൂടിയാണ് പോലീസിൻ്റെ ഈ നടപടി. അടിയന്തര ആവശ്യങ്ങളുള്ളവർക്ക് കൃത്യസമയത്ത് സഹായം എത്തിക്കാൻ ഇത്തരം കോളുകൾ വലിയ തടസ്സമാകുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഹോട്ടൽ മുറി ശരിയല്ലെന്നും പണം തിരികെ നൽകുന്നില്ലെന്നും പരാതിപ്പെടാനാണ് ഒരു യുവാവ് പോലീസിൻ്റെ അടിയന്തര വിഭാഗത്തിലേക്ക് വിളിച്ചത്. വാടകയ്‌ക്കെടുത്ത മുറി വളരെ മോശമാണെന്നും അവിടെ കാറ്റും വെളിച്ചവുമില്ലെന്നും ചുമരിലാകെ അഴുക്കാണെന്നും ആയിരുന്നു ഫോൺ എടുത്ത ഉദ്യോഗസ്ഥയോട് യുവാവിൻ്റെ പരാതി. ഹോട്ടൽ മുറിയെക്കുറിച്ച് പരാതിപ്പെടാനാണോ 911-ലേക്ക് വിളിച്ചതെന്ന് ഉദ്യോഗസ്ഥ ചോദിച്ചപ്പോൾ, അവർ തൻ്റെ പണം തിരികെ തരുന്നില്ലെന്നും അതുകൊണ്ടാണ് വിളിച്ചതെന്നുമായിരുന്നു യുവാവിൻ്റെ മറുപടി. ഇത്തരം കാര്യങ്ങൾക്ക് 911-ലേക്ക് വിളിക്കുന്നത് ശരിയല്ലെന്നും ഹോട്ടൽ മാനേജറോട് സംസാരിക്കാനും ഉദ്യോഗസ്ഥ നിർദ്ദേശിച്ചപ്പോൾ യുവാവ് ദേഷ്യപ്പെടുകയും ചെയ്തു. ഒടുവിൽ മുറിയിലുണ്ടായിരുന്ന മറ്റൊരാൾ ഫോണിലൂടെ പോലീസിനോട് ക്ഷമ ചോദിക്കുകയായിരുന്നു.
ഇതേ തുടർന്ന് ഇത്തരം നിസ്സാര കാര്യങ്ങൾക്കായി 911 ദുരുപയോഗം ചെയ്യരുതെന്ന് പോലീസ് വ്യക്തമാക്കി. കാനഡയിൽ മുൻപും ഇത്തരത്തിൽ നിരവധി വിചിത്രമായ കോളുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഹൈവേയിലെ മഞ്ഞ് മാറ്റുന്ന വണ്ടികൾക്ക് വേഗതയില്ലെന്നും പോലീസ് വാഹനങ്ങളുടെ സൈറൺ ശബ്ദം കാരണം സമാധാനം നഷ്ടപ്പെടുന്നുവെന്നും ഓർഡർ ചെയ്ത പിസ്സ മാറി നൽകിയ കടക്കാരനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടും കോളുകൾ എത്തിയിട്ടുണ്ട്.