പി പി ചെറിയാന്‍
അമേരിക്കയില്‍ താമസിച്ച് ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്ന (Adjustment of Status) വിദേശികള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS). 2026 ജൂലൈ 10 മുതല്‍ യു.എസിനുള്ളില്‍ വെച്ച് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നത് സാധാരണ നടപടിയായി കാണാനാകില്ലെന്നും, ഇത് പ്രത്യേക പരിഗണനയോ ഔദാര്യമോ (Act of Grace) ആയി മാത്രമേ കണക്കാക്കൂ എന്നും പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
പുതിയ നിയമപ്രകാരം അപേക്ഷകരില്‍ പലര്‍ക്കും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയി അവിടെയുള്ള യു.എസ് കോണ്‍സുലേറ്റുകള്‍ വഴി മാത്രമേ ഗ്രീന്‍ കാര്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.
യു.എസിനുള്ളില്‍ തുടരാന്‍ മതിയായതും അസാധാരണവുമായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അപേക്ഷകള്‍ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്.
ആശങ്കയില്‍ പ്രവാസികള്‍: ഈ പരിഷ്‌കാരം നിലവില്‍ യു.എസിലുള്ള ലക്ഷക്കണക്കിന് അപേക്ഷകരെയും അവരുടെ കുടുംബങ്ങളെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്വന്തം രാജ്യം വിട്ട് പോയാല്‍ പിന്നീട് തിരിച്ചുവരുന്നതിന് വിലക്ക് നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് പലരും.
എന്നിരുന്നാലും രാജ്യത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നവര്‍ക്കും ദേശീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കും ഈ നിയമത്തില്‍ ചില ഇളവുകള്‍ നല്‍കിയേക്കുമെന്നും യു.എസ് അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്.