'ഡിഫെൻഹൈഡ്രാമൈൻ' അടങ്ങിയിട്ടുള്ള ബെനഡ്രിൽ ഉൾപ്പെടെയുള്ള മരുന്നുകളുടെ വിൽപ്പനയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങി ക്യൂബെക് സർക്കാർ. പുതിയ നിർദ്ദേശപ്രകാരം ഈ മരുന്നുകൾ ഇനിമുതൽ ഫാർമസികളിലെ പരസ്യ ഷെൽഫുകളിൽ സൂക്ഷിക്കാൻ അനുവദിക്കില്ല, പകരം കൗണ്ടറിന് പിന്നിലേക്ക് മാറ്റും. ഈ മരുന്നുകൾ വാങ്ങാൻ ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലെങ്കിലും, മരുന്ന് വാങ്ങുന്നയാളുടെ വിവരങ്ങൾ ഫാർമസിസ്റ്റുകൾ രോഗിയുടെ ഫയലിൽ നിർബന്ധമായും രേഖപ്പെടുത്തണം. ഈ പുതിയ നിയന്ത്രണ ബില്ലിന്മേൽ ഇപ്പോൾ പൊതുജനങ്ങളുടെ അഭിപ്രായരൂപീകരണം നടക്കുകയാണ്.
2023 ഡിസംബർ 11-ന് ക്യൂബെക്കി ൽ 18 വയസ്സുകാരൻ ബെനഡ്രിൽ അമിതമായി ഉള്ളിൽച്ചെന്ന് മരണപ്പെട്ടിരുന്നു. മകനെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തിൽ മാരകമായ അളവിൽ ഡിഫെൻഹൈഡ്രാമൈൻ അടങ്ങിയിരുന്നതായി കണ്ടെത്തിയത്. ഇതിനെക്കുറിച്ച് അന്വേഷിച്ച് കഴിഞ്ഞ വർഷം സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സർക്കാർ നടപടി. ജീവന് വരെ ഭീഷണിയായേക്കാവുന്ന ഇത്തരം മരുന്നുകൾ യാതൊരു നിയന്ത്രണവുമില്ലാതെ ഫാർമസികളിൽ പരസ്യമായി വിൽക്കാൻ വച്ചിരിക്കുന്നതിനെതിരെ റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു.
ഡിഫെൻഹൈഡ്രാമൈൻ അമിതമായി ഉപയോഗിക്കുന്നത് ഇതാദ്യമായല്ല മരണത്തിന് കാരണമാകുന്നത്. 2020-ൽ ടിക് ടോക്കിൽ പ്രചരിച്ച 'ബെനഡ്രിൽ ചലഞ്ച്' കാരണം നിരവധി കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ലഹരിക്ക് വേണ്ടി പലരും ഈ മരുന്ന് അമിത അളവിൽ ഉപയോഗിക്കാറുണ്ടെന്നും ആത്മഹത്യകൾക്കായി ഇത് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ്, ഡിഫെൻഹൈഡ്രാമൈൻ അടങ്ങിയ മരുന്നുകളുടെ വിൽപ്പനയിൽ ഫാർമസിസ്റ്റുകൾക്ക് കൂടുതൽ മേൽനോട്ടം നൽകുന്ന രീതിയിലേക്ക് നിയമങ്ങൾ ഭേദഗതി ചെയ്യാൻ ക്യൂബെക്ക് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.