പി പി ചെറിയാന്‍
ടെക്‌സസ്: വടക്കന്‍ ടെക്‌സാസിലുള്ള ഡെന്റണ്‍, കോളിന്‍, ടാരന്റ് എന്നീ കൗണ്ടികളില്‍ 'സൈക്ലോസ്‌പോറിയാസിസ്' (Cyclosporiasis) എന്ന പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചു. കടുത്ത വയറിളക്കത്തിന് കാരണമാകുന്ന ഒരു പാരസൈറ്റ് (പരാദം) വഴിയാണ് ഈ രോഗമുണ്ടാകുന്നത്. വേനല്‍ക്കാലത്തിന്റെ തുടക്കത്തോടെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിലവില്‍ ടെക്‌സാസ് ഉള്‍പ്പെടെ അമേരിക്കയിലെ 18 സംസ്ഥാനങ്ങളിലായി 300-ലധികം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) അറിയിച്ചു. ഡെന്റണ്‍ കൗണ്ടിയില്‍ രണ്ടും, കോളിന്‍ കൗണ്ടിയില്‍ രണ്ടും, ടാരന്റ് കൗണ്ടിയില്‍ അഞ്ചില്‍ താഴെയും കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗം പടരുന്നതിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാല്‍ പൊതുജനാരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം (Public health advisory) ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഈ രോഗാണുക്കള്‍, അമേരിക്കയില്‍ പച്ചക്കറികളിലൂടെയും പഴവര്‍ഗ്ഗങ്ങളിലൂടെയുമാണ് പടരുന്നത്.
കടുത്ത വയറിളക്കം,വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍,വയറുവേദന, ഗ്യാസ് നിറയുക,ഛര്‍ദ്ദി, ശരീരം വേദന, നേരിയ പനി എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.