ആൽബർട്ടയിൽ 1300 കോടി ഡോളറിൻ്റെ ഡാറ്റാ സെൻ്റർ സ്ഥാപിക്കാനൊരുങ്ങി മെറ്റ. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപങ്ങളിലൊന്നിനാണ് ഇതിലൂടെ വഴിതുറക്കുന്നത്. എഡ്മൻ്റണിന് വടക്കുള്ള സ്റ്റർജൻ കൗണ്ടിയിൽ 1300 കോടി യു.എസ് ഡോളർ ചെലവഴിച്ചാണ് മെറ്റ പുതിയ കേന്ദ്രം നിർമ്മിക്കുന്നത്. ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും മെറ്റാ വൈസ് പ്രസിഡൻ്റ് ഗാരി ഡെമാസിയും ചേർന്നാണ് ബുധനാഴ്ച ഈ പദ്ധതി പ്രഖ്യാപിച്ചത്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, ത്രെഡ്സ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഡാറ്റാ സെൻ്ററാണിത്. നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലായി മൂവായിരത്തോളം പേർക്ക് തൊഴിൽ ലഭിക്കുമെന്നും, പ്രവർത്തനം പൂർണ്ണതോതിലാകുമ്പോൾ മുന്നൂറോളം സ്ഥിരം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ, റോയൽറ്റി, നികുതി തുടങ്ങിയ ഇനങ്ങളിലായി ആൽബെർട്ട സർക്കാരിന് പ്രതിവർഷം 25 കോടി ഡോളറിൻ്റെ വരുമാനവും ഇതിലൂടെ ലഭിക്കും.
റോഡുകൾ, കുടിവെള്ള സംവിധാനം എന്നിവയുൾപ്പെടെയുള്ള പ്രാദേശിക അടിസ്ഥാന സൗകര്യ വികസനത്തിനായി മെറ്റാ ആറ് കോടി ഡോളർ നിക്ഷേപിക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. ഒപ്പം, കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച 'പ്രോജക്റ്റ് ഗ്രീൻ ലൈറ്റ്' എന്ന 460 കോടി ഡോളറിൻ്റെ പ്രകൃതിവാതക വൈദ്യുത നിലയത്തിൽ നിന്നാണ് ഈ ഡാറ്റാ സെൻ്ററിന് ആവശ്യമായ വൈദ്യുതി കണ്ടെത്തുക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയോടെ കാനഡയിൽ വലിയ തോതിൽ ഡാറ്റാ സെൻ്ററുകൾ ഉയർന്നു വരുന്നുണ്ടെങ്കിലും, ഇവ ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് വലിയ രീതിയിലുള്ള ആശങ്കകളും ഉയരുന്നുണ്ട്. വൻതോതിൽ വൈദ്യുതിയും ശുദ്ധജലവും ഉപയോഗിക്കുന്ന ഇത്തരം മെഗാ ഡാറ്റാ സെൻ്ററുകൾക്കെതിരെ ഗ്രീൻപീസ് കാനഡ പോലുള്ള പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ, ഈ ഡാറ്റാ സെൻ്ററിൽ ജല തണുപ്പിക്കുന്നതിനായി ക്ലോസ്ഡ് ലൂപ് സംവിധാനമാണ് ഉപയോഗിക്കുന്നതെന്നും, അതിനാൽ ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് വൻതോതിൽ വെള്ളം ചൂഷണം ചെയ്യില്ലെന്നും മെറ്റാ വ്യക്തമാക്കി. വൻകിട വ്യവസായങ്ങൾക്കായി നീക്കിവച്ചിട്ടുള്ള വ്യവസായ മേഖലയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു.