അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനക്കരാർ പ്രതിസന്ധിയിൽ ആയതിനെ തുടർന്ന് കാനഡയിൽ ഇന്ധനവില വീണ്ടും വർദ്ധിക്കാൻ സാധ്യതയെന്ന് വിദഗ്ദ്ധർ. ബുധനാഴ്ച രാവിലെ രാജ്യാന്തര വിപണിയിലെ എണ്ണവിലയിൽ ഏകദേശം അഞ്ച് ശതമാനത്തിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനനുസരിച്ച് കാനഡയിലെ ഇന്ധനവിലയും വർദ്ധിക്കും.
നിലവിൽ കാനഡയിൽ ഒരു ലിറ്റർ പെട്രോളിൻ്റെ ശരാശരി വില 1.64 ഡോളറാണ്. ഇത് മുൻദിവസത്തേക്കാൾ നാല് സെൻ്റ് കൂടുതലാണെന്ന് സി.എ.എ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിൽ വില ഇനിയും ഏതാനും സെൻ്റുകൾ കൂടിയേക്കാമെന്ന് ഈ മേഖലയിലെ വിദഗ്ധർ അറിയിച്ചു. ലോകത്തെ പ്രധാന എണ്ണ ഉത്പാദന മേഖലയായ മിഡിൽ ഈസ്റ്റിലുണ്ടാകുന്ന ഏത് സംഘർഷവും എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്കയാണ് വിലവർദ്ധനവിന് കാരണം. ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായും, യു.എസ് വീണ്ടും ആക്രമണം നടത്തിയേക്കുമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെത്തുടർന്ന് ഇറാനിൽ നിന്നുള്ള എണ്ണ വിൽപ്പനയ്ക്കുള്ള അനുമതി ചൊവ്വാഴ്ച അമേരിക്ക റദ്ദാക്കിയിരുന്നു. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, കരാറുകൾ പാലിക്കുന്നതിൽ ഇറാൻ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു. ഇറാനെതിരെ ബുധനാഴ്ച രാത്രി ശക്തമായ വ്യോമാക്രമണവും ഉണ്ടായിട്ടുണ്ട്.