കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെച്ച കേസ്സില്‍ 71 കാരന് 15 വര്‍ഷം തടവ് ശിക്ഷ

By: 600002 On: Jul 9, 2026, 12:40 PM



 

പി പി ചെറിയാന്‍


ടെക്‌സാസ്: കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങളും ചിത്രങ്ങളും കൈവശം വെച്ച കേസില്‍ ടെക്‌സാസിലെ ബാക്ലിഫ് സ്വദേശിയായ വെസ്ലി ജോസഫ് സ്ലാനിന (71) എന്നയാള്‍ക്ക് 15 വര്‍ഷം (186 മാസം) ഫെഡറല്‍ തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം 10 വര്‍ഷം ഇയാള്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇക്കാലയളവില്‍ ഇയാള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും വിലക്കുണ്ടാകും.

ഇയാളുടെ കമ്പ്യൂട്ടറില്‍ നിന്നും മെമ്മറി കാര്‍ഡില്‍ നിന്നുമായി 2,503 വീഡിയോകളും 7,172 ചിത്രങ്ങളും ഉള്‍പ്പെടെ പതിനായിരത്തോളം അശ്ലീല ദൃശ്യങ്ങള്‍ എഫ്.ബി.ഐ (FBI) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ, ഇരകളായവര്‍ക്ക് 71,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ലൈംഗിക കുറ്റവാളിയായി മുന്‍പും ശിക്ഷിക്കപ്പെട്ടിട്ടുള്ള സ്ലാനിന, മുന്‍പ് സര്‍ക്കാര്‍ ലാപ്‌ടോപ്പ് ഉപയോഗിച്ച് ഇത്തരം നിരോധിത ദൃശ്യങ്ങള്‍ കണ്ടതായും കോടതി കണ്ടെത്തി. നിലവില്‍ കസ്റ്റഡിയിലുള്ള ഇയാളെ ഉടന്‍ തന്നെ ഫെഡറല്‍ ജയിലിലേക്ക് മാറ്റും.