പ്രസാദ് തീയാടിക്കല്‍
പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ സന്ദര്‍ശക വിസയില്‍ മകളെയും പുതുതായി ജനിച്ച പേരക്കുട്ടിയെയും കാണാനെത്തിയിരുന്ന നേപ്പാള്‍ സ്വദേശിനിയായ 53-കാരി ബിഷ്ണു കുമാരി ഗുരുങ് ദാരുണമായി മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. അപകടം നടന്നത് ഫെബ്രുവരി 6-നാണ്. മകളുടെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഷ്ണു കുമാരി ഗുരുങിന്റെ മുറിയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറിയത്. സംഭവസ്ഥലത്തുവെച്ചുതന്നെ അവര്‍ മരിച്ചു. ഓസ്ട്രേലിയയില്‍ എത്തിയിട്ട് വെറും മൂന്ന് ദിവസങ്ങള്‍ മാത്രമായിരുന്നു.
കേസിലെ പ്രതിയായ 36-കാരന്‍ റൈസ് റോബര്‍ട്ട് ഹോക്കിന്‍സ് (Rhyse Robert Hawkins) ഇന്ന് കോടതിയില്‍ ഹാജരായി അന്യായ കൊലപാതകം (Unlawful Killing/Manslaughter) ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ കുറ്റസമ്മതം (Guilty Plea) നടത്തി. അപകടസമയത്ത് ഇയാള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.
കുറ്റസമ്മതം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കേസിന്റെ ശിക്ഷാവിധി സെപ്റ്റംബറില്‍ പ്രഖ്യാപിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.