കേരളത്തില്‍ വൃക്കരോഗങ്ങള്‍ വര്‍ധിക്കുന്നു 

By: 600002 On: Jul 8, 2026, 3:38 PM


ആരോഗ്യ സൂചികകളില്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളം ഇന്ന് മറ്റൊരു വലിയ വെല്ലുവിളിയുടെ നിഴലിലാണ്. അവയവങ്ങളെ നിശബ്ദമായി കാര്‍ന്നു തിന്നുന്ന വൃക്കരോഗങ്ങള്‍. ക്രോണിക് കിഡ്‌നി ഡിസീസ് അഥവാ സികെഡി ബാധിക്കുന്നവരുടെ എണ്ണം സമീപവര്‍ഷങ്ങളില്‍ കേരളത്തില്‍ വന്‍തോതില്‍ വര്‍ധിച്ചുവരികയാണ്. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ നിശബ്ദ കൊലയാളി എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. 

രക്തത്തിലെ മാലിന്യങ്ങളും അധികമുള്ള ദ്രാവകങ്ങളും അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറന്തള്ളുകയാണ് വൃക്കകളുടെ പ്രധാന ജോലി. എന്നാല്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്ന പ്രക്രിയയിലൂടെ വൃക്കകളുടെ ഈ ശേഷി ക്രമേണ കുറഞ്ഞുവരുന്ന അവസ്ഥയാണ് ക്രോണിക് കിഡ്‌നി ഡിസീസ് എന്ന് വിളിക്കുന്നത്. കേരളത്തിലെ ഉയര്‍ന്ന ജീവിതനിലവരാവും മാറിയ ജീവിത ശൈലിയുമാണ് ഈ രോഗവ്യാപനത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍.