വാൻകൂവർ നഗരത്തിൽ സൗജന്യ പൊതുഗതാഗതം നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി മേയർ സ്ഥാനാർത്ഥി സ്റ്റെഫാനി അലൻ രംഗത്ത്. COPE പാർട്ടിയുടെ ബാനറിലാണ് മുൻ ബി.സി ഹൗസിങ് എക്സിക്യൂട്ടീവ് കൂടിയായ സ്റ്റെഫാനി മത്സരിക്കുന്നത്. വരാനിരിക്കുന്ന ഒക്ടോബറിലാണ് വാൻകൂവർ മേയർ തിരഞ്ഞെടുപ്പ് നടക്കുക. നഗരത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതിനും കാറുകളുടെ ഉപയോഗം കുറയ്ക്കുന്നതിനുമായി വാൻകൂവറിൽ സൗജന്യ യാത്രാസൗകര്യം ഒരുക്കാൻ പ്രവിശ്യാ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നാണ് സ്റ്റെഫാനിയുടെ പ്രധാന വാഗ്ദാനം. കാനഡ ദിനത്തിൽ വാൻകൂവറിൽ യാത്രാനിരക്ക് വർദ്ധിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത ബി.സി ഹീറ്റ് ഡോം ദുരന്തത്തിൻ്റെ അഞ്ചാം വാർഷിക വേളയിലാണ് കാലാവസ്ഥാ യാഥാർത്ഥ്യങ്ങളെക്കുറിച്ചും നഗരത്തിൻ്റെ ഭാവിയെക്കുറിച്ചുമുള്ള തൻ്റെ കാഴ്ചപ്പാടുകൾ അവർ പങ്കുവെച്ചത്. ഉഷ്ണതരംഗ സമയത്ത് ബി.സി ഹൗസിങ്ങിൻ്റെ തന്ത്രപ്രധാന ചുമതലയിലായിരുന്ന സ്റ്റെഫാനി, അന്ന് സാധാരണക്കാരായ വാടകക്കാർക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ഉണ്ടായ ദുരിതങ്ങൾ നേരിട്ട് കണ്ടതാണെന്നും, ഇത് അവരെ സംരക്ഷിക്കാനുള്ള തൻ്റെ പോരാട്ടവീര്യം കൂട്ടിയിട്ടേയുള്ളൂ എന്നും വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ദേശീയ തലത്തിലും, വാൻകൂവർ മുനിസിപ്പൽ തലത്തിലും നിലവിലുള്ള ഭരണകൂടങ്ങൾ കാലാവസ്ഥാ സംരക്ഷണ പദ്ധതികളിൽ നിന്ന് പിന്നോട്ട് പോകുന്നത് നിരാശാജനകമാണെന്ന് അവർ പറഞ്ഞു. തങ്ങൾ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നാൽ മുൻ സർക്കാർ റദ്ദാക്കിയ സുസ്ഥിരതാ വകുപ്പ് പുനഃസ്ഥാപിക്കുമെന്നും സ്റ്റെഫാനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 15 വർഷമായി വാൻകൂവറിൽ താമസിക്കുന്ന സ്റ്റെഫാനി അലൻ നഗരത്തിൻ്റെ മനോഹരമായ പ്രകൃതിയെയും ജീവിതസൗകര്യങ്ങളെയും സ്നേഹിക്കുമ്പോൾ തന്നെ, ഇവിടുത്തെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും സാധാരണക്കാരുടെ ബുദ്ധിമുട്ടുകളും തന്നെ അസ്വസ്ഥമാക്കുന്നുണ്ടെന്നും വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥിതികളുടെ സത്യാവസ്ഥ ജനങ്ങളോട് തുറന്നുപറയാൻ തനിക്ക് ഭയമില്ലെന്നും അവർ തുറന്നടിച്ചു.