കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെ വ്യാജ ഇമിഗ്രേഷൻ ഏജൻ്റുമാരിൽ നിന്നും കൺസൾട്ടൻ്റുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി കൂടുതൽ ശക്തമായ നിയമങ്ങൾ നടപ്പിലാക്കുന്നു. ജൂലൈ 15 ബുധനാഴ്ച മുതൽ പുതിയ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ അറിയിച്ചു. കാനഡയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിശ്വസനീയവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കാനും തട്ടിപ്പുകൾ തടയാനും ഈ നടപടികൾ സഹായിക്കുമെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡിയാബ് വ്യക്തമാക്കി.
കൺസൾട്ടൻ്റുമാരെ ഉയർന്ന നിലവാരത്തിൽ നിലനിർത്താനും ഉദ്യോഗാർത്ഥികളുടെ വിശ്വാസം വീണ്ടെടുക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ ഇമിഗ്രേഷൻ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ 'കോളേജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടൻസിൻ്റെ അധികാരങ്ങൾ കൂടുതൽ ശക്തമാകും. നിയമങ്ങൾ ലംഘിക്കുന്ന കൺസൾട്ടൻ്റുകൾക്കെതിരെ കടുത്ത പിഴകൾ ചുമത്താനും അച്ചടക്ക നടപടികൾ വേഗത്തിലാക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. വ്യാജ കൺസൾട്ടൻ്റുകളുടെ തട്ടിപ്പിനിരയായി സാമ്പത്തിക നഷ്ടം സംഭവിക്കുന്ന ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിനുള്ള മാർഗ്ഗരേഖകളും ഇതിലൂടെ തയ്യാറാക്കും. കൂടാതെ, കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായി ലൈസൻസുള്ള കൺസൾട്ടൻ്റുമാരുടെ പൊതുവിവരങ്ങൾ അടങ്ങിയ രജിസ്റ്റർ 2027 ഏപ്രിൽ മുതൽ കൂടുതൽ കർശനമായി പരിഷ്കരിക്കാനും തീരുമാനമായിട്ടുണ്ട്.
അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്ന് ട്യൂഷൻ ഫീസ് എന്ന വ്യാജേന 1.26 ലക്ഷം ഡോളറോളം തട്ടിയെടുത്ത കേസിൽ ഒൻ്റാരിയോയിൽ നിന്നുള്ള രണ്ട് വ്യക്തികൾക്കെതിരെ കാനഡ ബോർഡർ സർവീസസ് ഏജൻസി 12 ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിവസങ്ങൾക്കകമാണ് പുതിയ നിയമ പരിഷ്കരണങ്ങൾ വരുന്നത് എന്നത് ശ്രദ്ധേയമാണ്. പുതിയ മാറ്റങ്ങളുടെ ഭാഗമായി കൺസൾട്ടൻസി ബോർഡ് തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ പരാജയപ്പെട്ടാൽ, ബോർഡിൻ്റെ ചുമതലകൾ ഏറ്റെടുക്കാൻ മറ്റൊരാളെ നിയമിക്കാനുള്ള അധികാരം ഇമിഗ്രേഷൻ മന്ത്രിക്കുണ്ടായിരിക്കും. നിയമപരമായ പഴുതുകൾ അടച്ചുകൊണ്ടുള്ള ഈ കർശന നടപടികൾ കാനഡയുടെ ഇമിഗ്രേഷൻ മേഖലയിലെ സുതാര്യത വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്