കാനഡയിൽ സാധാരണക്കാർക്ക് വീട് വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ കഴിയാത്തവിധം ഭവനവിലയും ജീവിതച്ചെലവും കുതിച്ചുയരുമ്പോഴും, രാജ്യത്തെ പൊതുമേഖലാ ഭവന ഏജൻസിയായ കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ ജീവനക്കാർക്ക് ബോണസായി വാരിക്കോരി നൽകിയത് 31.7 ദശലക്ഷം ഡോളർ. സർക്കാർ രേഖകൾ ഉദ്ധരിച്ച് കനേഡിയൻ ടാക്സ്പേയേഴ്സ് ഫെഡറേഷൻ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനം അതിൻ്റെ പ്രാഥമിക ലക്ഷ്യം നിറവേറ്റുന്നതിൽ പരാജയപ്പെടുമ്പോഴും ഉദ്യോഗസ്ഥർക്ക് ദശലക്ഷക്കണക്കിന് ഡോളർ ബോണസ് നൽകുന്നതിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
രാജ്യത്തെ ഭവന ലഭ്യതയും അതിൻ്റെ താങ്ങാനാകുന്ന വിലയും ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അവകാശപ്പെടുന്ന സ്ഥാപനമാണ് CMHC. എന്നാൽ, കാനഡയിലെ ജനങ്ങൾക്ക് വീട് സ്വന്തമാക്കാൻ സാധിക്കാത്ത സാഹചര്യത്തിലും കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ വലിയ തുകകൾ ബോണസായി കൈപ്പറ്റിയെന്ന് സി.ടി.എഫ്. ഫെഡറൽ ഡയറക്ടർ ഫ്രാങ്കോ ടെറാസാനോ കുറ്റപ്പെടുത്തി. ഈ തുകയിൽ 3.5 ദശലക്ഷം ഡോളറും കോർപ്പറേഷൻ്റെ എക്സിക്യൂട്ടീവ് തലത്തിലുള്ള ഉദ്യോഗസ്ഥർക്കാണ് ലഭിച്ചത്. ശരാശരി ഒരു ഉന്നത ഉദ്യോഗസ്ഥന് മാത്രം 44,800 ഡോളറിലധികം ബോണസ് ഇനത്തിൽ ലഭിച്ചു. ബാക്കിയുള്ള 28.2 ദശലക്ഷം ഡോളർ മറ്റ് ജീവനക്കാർക്കുമായാണ് വിതരണം ചെയ്തത്.
ഭവനപ്രതിസന്ധി പരിഹരിക്കാൻ ഈ ബോണസ് വിതരണ രീതി പുനഃപരിശോധിക്കുമെന്ന് ഭവനകാര്യ മന്ത്രാലയം മുൻപ് വാഗ്ദാനം നൽകിയിരുന്നെങ്കിലും, വർഷാവർഷം ബോണസ് തുക വർദ്ധിക്കുക മാത്രമാണ് ചെയ്തതെന്ന് സി.ടി.എഫ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭവനവില റെക്കോർഡ് നിരക്കിലാണ്. ഉദ്യോഗസ്ഥർക്ക് വലിയ തുകകൾ ബോണസ് നൽകുന്നതിനേക്കാൾ ഭവന നിർമ്മാണ മേഖലയിലെ പ്രായോഗികമായ ഇടപെടലുകൾക്കാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും നികുതിദായകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.