അയാക്സിൽ പോലീസ് വാഹനത്തിലേക്ക് മോഷ്ടിച്ച ട്രക്ക് ഇടിച്ചുകയറ്റി കൗമാരക്കാരൻ; ഒഷാവയിൽ ടാക്സി ഡ്രൈവർക്ക് നേരെ കത്തികാട്ടി ഭീഷണി

By: 600110 On: Jul 8, 2026, 11:57 AM

ഒൻ്റാരിയോയിലെ അയാക്സിൽ പോലീസ് വാഹനത്തിലേക്ക് മനഃപൂർവം മോഷ്ടിച്ച ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിൽ പതിനാറുകാരനായ കൗമാരക്കാരൻ അറസ്റ്റിലായി. ജൂൺ 11 ന് പുലർച്ചെയായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അയാക്സിലെ കിംഗ്സ്റ്റൺ, വെസ്റ്റ്നി റോഡുകൾക്ക് സമീപമുള്ള പാർക്കിംഗ് ലോട്ടിൽ വെച്ച് അപകടകരമായ രീതിയിൽ ഫോർഡ് പിക്കപ്പ് ട്രക്ക് ഓടിക്കുന്നത് ഡർഹാം റീജണൽ പോലീസിൻെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ വാഹനം തടയാൻ ശ്രമിച്ചെങ്കിലും, പ്രതി മനഃപൂർവം പോലീസ് വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ശേഷം സംഭവസ്ഥലത്തുനിന്ന് അതിവേഗം ഓടിച്ചുപോവുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. 

പരിശോധനയിൽ ഈ വാഹനം അയാക്സിലെ ഒരു വീട്ടിൽ നിന്നും മോഷ്ടിച്ചതാണെന്ന്  കണ്ടെത്തി. പിന്നീട്  ബെയ്‌ലി സ്ട്രീറ്റ് ഈസ്റ്റ്, ബർച്ചർ റോഡ് പരിസരത്ത് നിർത്തിയിട്ടിരുന്ന ട്രക്ക് പോലീസ് വളയുകയും കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ച് വാഹനമോടിക്കൽ, പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, മോഷ്ടിച്ച വാഹനം കൈവശം വയ്ക്കൽ തുടങ്ങിയ നിരവധി ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇതിനുപുറമേ, ഒഷാവയിൽ വെച്ച് ഒരു ടാക്സി ഡ്രൈവറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിലും ഈ കൗമാരക്കാരന് പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലാകുന്ന സമയത്ത് കോടതി നിർദ്ദേശപ്രകാരം ഈ കൗമാരക്കാരന്  ഡ്രൈവിംഗ് വിലക്ക് ഉണ്ടായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. മുൻപ് നേരിട്ട മറ്റ് നിയമനടപടികളുടെ ഭാഗമായി യാതൊരുവിധ മോട്ടോർ വാഹനങ്ങളും ഓടിക്കരുതെന്ന കർശന വ്യവസ്ഥ ലംഘിച്ചാണ് പ്രതി വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്.  പ്രായപൂർത്തിയാകാത്ത വ്യക്തിയായതിനാൽ കാനഡയിലെ 'യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട്' പ്രകാരം പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.