വെസ്റ്റേണ്‍ പെന്തെക്കോസ്ത് കോണ്‍ഫറന്‍സ് ജൂലൈ 16 മുതല്‍ എഡ്മണ്ടനില്‍

By: 600002 On: Jul 8, 2026, 10:52 AM



 

പ്രസാദ് തീയാടിക്കല്‍

കാനഡ,എഡ്മണ്ടന്‍: കാനഡയിലെ എഡ്മണ്ടന്‍, കാല്‍ഗറി,വാന്‍കൂവര്‍ എന്നീ പ്രവശ്യകളും അമേരിക്കയിലെ സിയാറ്റിലും ഉള്‍പ്പെടുന്ന വെസ്റ്റേണ്‍ പെന്തെക്കോസ്ത് കോണ്‍ഫറന്‍സിന്റെ മുപ്പത്തിയാറാമത് സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി കോണ്‍ഫറന്‍സ് കണ്‍വീനര്‍ പാസ്റ്റര്‍ സാം വര്‍ഗീസ് അറിയിച്ചു. ജൂലൈ 16 മുതല്‍ 19 വരെ എഡ്മണ്ടന്‍ ലൈഫ് ചര്‍ച്ചാണ് കോണ്‍ഫറന്‍സ് വേദിയാകുന്നത്. കണ്‍വീനര്‍ പാസ്റ്റര്‍ സാം വര്‍ഗീസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. 

പാസ്റ്റര്‍ ജോ തോമസ് ബാംഗ്ലൂര്‍ മലയാളം വിഭാഗത്തിലും പാസ്റ്റര്‍ നിരുപ് അല്‍ഫോണ്‍സ് ഇംഗ്ലീഷ് വിഭാഗത്തിലും മുഖ്യ പ്രഭാഷകരാണ്. സിസ്റ്റര്‍ രമ്യ സാറാ ജേക്കബ് ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കും. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുമുള്ള സുവിശേഷകരും കോണ്‍ഫറന്‍സില്‍ സന്ദേശങ്ങള്‍ നല്കും.

ദി സീസണ്‍ ഓഫ് ഹാര്‍വെസ്‌റ് (ഇത് കൊയ്ത്തിന്റെ കാലം) എന്നതാണ് ചിന്താവിഷയം. ഈ കാലഘട്ടത്തിലെ ആത്മീയ - സാമൂഹ്യ ജീവിത സാഹചര്യങ്ങളില്‍ സഭയുടെ നിസ്തുലമായ പങ്കും ദൗത്യവും വിശകലനം ചെയ്യുന്ന നിലയിലാണ് മുഖ്യ ചിന്താവിഷയവും ഉപവിഷയങ്ങളും ക്രമീകരിച്ചിരിക്കുന്നത്. നിലം നന്നായി തയ്യാറാക്കി വിത്ത് വിതച്ചാല്‍ മികവാര്‍ന്ന ഫലം ലഭിക്കും എന്ന ചിന്ത കോണ്‍ഫറന്‍സില്‍ വിവിധ സെഷനുകളില്‍ വിശകലനം ചെയ്യപ്പെടും. സമകാലിക സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും കണ്ടുണര്‍ന്ന് നല്ല പ്രവര്‍ത്തനങ്ങളിലൂടെ നല്ല കൊയ്ത്തിനു സഭകളെ ഒരുക്കുക എന്നതാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.

ഭാരവാഹികളായ ബ്രദര്‍ റോണി സൈമണ്‍ മാത്യൂസ് (സെക്രട്ടറി), ബ്രദര്‍ ജിജി ഫിലിപ്പ് (ട്രഷറാര്‍), ബ്രദര്‍ ഗ്ലാഡ് വിന്‍ കോശി (യൂത്ത് ഡയറക്ടര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ജൂലൈ 16 - ന് ആരംഭിക്കുന്ന കോണ്‍ഫറന്‍സ് ജൂലൈ 19 ഞായറാഴ്ച സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ സമാപിക്കും.