ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ വിപുലമായ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍; ഡോ. റെയ്ന റോക്ക് നേതൃത്വം നല്‍കും

By: 600002 On: Jul 8, 2026, 10:01 AM

 

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളില്‍ ഹൂസ്റ്റണില്‍ നടക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്റെ ഭാഗമായി ഓഗസ്റ്റ് 1-ന് (ശനിയാഴ്ച) രാവിലെ 8.00 മുതല്‍ 11.00 വരെ വിപുലമായ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ സംഘടിപ്പിക്കുന്നു. ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, ആരോഗ്യബോധവല്‍ക്കരണം എന്നിവ ലക്ഷ്യമിട്ട് എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

ഹ്യൂസ്റ്റണിലെ ആരോഗ്യ-മാധ്യമ രംഗങ്ങളില്‍ സജീവ സാന്നിധ്യവും മികച്ച സംഘാടകയുമായ ഡോ. റെയ്ന റോക്ക് ചെയര്‍പേഴ്‌സണായ മെഡിക്കല്‍ സെഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹെല്‍ത്ത് ഫെയര്‍ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സംഘാടകര്‍ അറിയിച്ചു.

ഹെല്‍ത്ത് ഫെയറിന്റെ ഭാഗമായി രക്തദാന ക്യാമ്പും ബ്ലഡ് സ്റ്റം സെല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവും സംഘടിപ്പിക്കും. ജീവന്‍ രക്ഷിക്കാന്‍ സഹായകമായ ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പേര്‍ പങ്കാളികളാകണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

പൊതുജനങ്ങള്‍ക്കായി വിവിധ ആരോഗ്യവിദ്യാഭ്യാസ സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി സി.പി.ആര്‍. പരിശീലനം, പ്രമേഹവും ഹൃദയാരോഗ്യവും സംബന്ധിച്ച ബോധവല്‍ക്കരണം, പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള അവബോധം, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തില്‍ നടക്കുന്ന ഹെല്‍ത്ത് ടോക്കുകളില്‍ കാന്‍സര്‍ പ്രതിരോധം, സ്‌ട്രോക്ക് അവബോധം, മാനസികാരോഗ്യം, കുട്ടികളുടെ ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകളും സംവാദങ്ങളും നടക്കും.

ആരോഗ്യം വ്യക്തിയുടെ മാത്രം ഉത്തരവാദിത്വമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ഫോമാ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ സംഘടിപ്പിക്കുന്നത്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന പ്രതിനിധികളും ഹ്യൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹവും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഹ്യൂസ്റ്റണില്‍ നടക്കുന്ന ഈ കണ്‍വെന്‍ഷന്‍ ഫോമയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സമ്മേളനങ്ങളിലൊന്നാക്കി മാറ്റാന്‍ എല്ലാ പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമമാണ് നടക്കുന്നത് .

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍, കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, ഷാജി എഡ്വേര്‍ഡ്, നാഷനല്‍ കമ്മിറ്റി അംഗം രാജന്‍ യോഹന്നാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരവധി കമ്മിറ്റികളാണ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.

ആരോഗ്യപരിപാലനവും സാമൂഹിക പ്രതിബദ്ധതയും ഒരുമിപ്പിക്കുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ഫോമാ 2026 ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.