കാനഡയിലെ ഒൻ്റാരിയോയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ (Constable-in-training) മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ട്രെയിനി ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ഒൻ്റാരിയോ പോലീസ് കോളേജിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ഡർഹാം റീജിയണൽ പോലീസ് സർവീസിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഒരു വലിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 11:20-ഓടെ മലാഹൈഡ് ടൗൺഷിപ്പിലെ കോളേജ് ലൈനും ഇംപീരിയൽ റോഡും ചേരുന്ന ജംഗ്ഷനിലായിരുന്നു അപകടം. പോലീസ് പരിശീലന പരിപാടിയിൽ പങ്കെടുക്കാനായി കാറിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് യുവ ഉദ്യോഗസ്ഥർ. അപകടസ്ഥലത്തു വച്ചുതന്നെ ഒരു ഉദ്യോഗസ്ഥൻ മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിൻ്റെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. അപകടത്തിൽപ്പെട്ട ട്രക്കിൻ്റെ ഡ്രൈവർക്ക് പരിക്കുകളൊന്നുമില്ല.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടമുണ്ടാകാനുള്ള കാരണം എന്താണെന്ന് ഒൻ്റാരിയോ പോലീസ് അന്വേഷിച്ചുവരികയാണ്. തങ്ങളുടെ സഹപ്രവർത്തകൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഡർഹാം പോലീസ് ഡിപ്പാർട്ട്‌മെൻ്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഈ ദുഖവേളയിൽ, മരിച്ച ഉദ്യോഗസ്ഥൻ്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും മറ്റ് സുഹൃത്തുക്കൾക്കും ആവശ്യമായ എല്ലാ പിന്തുണയും പരിചരണവും നൽകുന്നതിനാണ് മുൻഗണന എന്ന് ഡർഹാം പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടയാളുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ആശുപത്രിയിൽ കഴിയുന്ന ഉദ്യോഗസ്ഥൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.