അടിയന്തര ശുശ്രൂഷയിലൂടെ രോഗിയുടെ ജീവൻ രക്ഷിച്ച ഡോക്ടർക്ക് 250 ഡോളറിൻ്റെ ആംബുലൻസ് ബില്ല് നൽകി കനേഡിയൻ ആരോഗ്യ വകുപ്പ്

By: 600110 On: Jul 8, 2026, 7:22 AM

ബാസ്‌ക്കറ്റ്‌ബോൾ കളിക്കിടെ ഹൃദയാഘാതം ഉണ്ടായ വ്യക്തിക്ക് അടിയന്തര ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ച ഡോക്ടർക്ക് 250 ഡോളറിൻ്റെ ആംബുലൻസ് ബില്ല് നൽകി കനേഡിയൻ ആരോഗ്യ വകുപ്പ്. കാനഡയിലെ ആൽബർട്ട പ്രവിശ്യയിലാണ് സംഭവം. വലിയ വാർത്തയായതോടെ അധികൃതർ ഡോക്ടറുടെ ബില്ല് ഒഴിവാക്കുകയും നിലവിലുള്ള ആംബുലൻസ് ചാർജ് നയങ്ങളിൽ മാറ്റം വരുത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
 
എഡ്മൻ്റണിലെ ഫാമിലി ഫിസിഷ്യനായ ഡോ. ഇയാൻ സുതാന്തോ തൻ്റെ മകനോടൊപ്പം ബാസ്‌ക്കറ്റ്‌ബോൾ കളിക്കാൻ പോയതായിരുന്നു. കളി നടക്കുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന മറ്റൊരു വ്യക്തി പെട്ടെന്ന് കുഴഞ്ഞുവീഴുകയും ശ്വാസവും നാഡിമിടിപ്പും നിലയ്ക്കുകയും ചെയ്തു. ഉടൻ തന്നെ ഡോ. ഇയാനും അവിടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയും ചേർന്ന് അദ്ദേഹത്തിന് സി.പി.ആർ ൽകുകയും ഷോക്ക് നൽകുന്ന എ.ഇ.ഡി മെഷീൻ ഉപയോഗിച്ച് പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. ഇതിനിടയിൽ മറ്റുള്ളവർ ആംബുലൻസ് വിവരമറിയിച്ചു.  ആംബുലൻസ് ജീവനക്കാർ എത്തുമ്പോഴേക്കും രോഗിയുടെ നില തൃപ്തികരമായിരുന്നു. തുടർന്ന് അവർ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി.

കളി കഴിഞ്ഞ് 40 മിനിറ്റോളം തുടർച്ചയായി സി.പി.ആർ നൽകിയതിനാൽ ഡോ. ഇയാൻ കടുത്ത ക്ഷീണം കാരണം നിലത്ത് കിടക്കുകയായിരുന്നു. ഇത് കണ്ട ഒരു ആംബുലൻസ് ജീവനക്കാരൻ അദ്ദേഹത്തിന്റെ അരികിലെത്തി സുഖമാണോ എന്ന് അന്വേഷിക്കുകയും, ചെറിയ തലകറക്കം ഉണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ ബി.പിയും മറ്റ് പരിശോധനകളും നടത്തുകയും ചെയ്തു.എന്നാൽ, മൂന്നാഴ്ചയ്ക്ക് ശേഷം ഡോ. ഇയാനെ തേടി ആരോഗ്യ വകുപ്പിൻ്റെ 250 ഡോളറിൻ്റെ  ബിൽ എത്തി. ആംബുലൻസ് ജീവനക്കാർ ആരെ പരിശോധിച്ചാലും ഓട്ടോമാറ്റിക്കായി ബില്ല് ജനറേറ്റ് ചെയ്യപ്പെടുന്നതാണ് ഇതിന് കാരണം.

ഡോക്ടർ ഇതിനെതിരെ പ്രതികരിച്ചതോടെ ആൽബർട്ട ഹെൽത്ത് സർവീസസ് ബില്ല് റദ്ദാക്കി. നിലവിലെ നിയമപ്രകാരം ആൽബർട്ടയിൽ ആംബുലൻസ് വന്ന് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയാൽ 385 ഡോളറും, കൊണ്ടുപോയില്ലെങ്കിൽ 250 ഡോളറുമാണ് ഈടാക്കുന്നത്. എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ സഹായിക്കാൻ മുന്നോട്ട് വരുന്നവരെ ബില്ലിൽ നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഉയർന്ന ആംബുലൻസ് നിരക്കുകൾ കാരണം അടിയന്തര ഘട്ടങ്ങളിൽ പോലും ആളുകൾ ആംബുലൻസ് വിളിക്കാൻ മടിക്കുന്നുണ്ടെന്ന് സർവേ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നുണ്ട്.. ഇത് ചികിൽസ വൈകാൻ കാരണമാകുമെന്നും ഇത്തരം ഫീസുകൾ ഒഴിവാക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.