ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകം: ബിഷ്ണോയ് സംഘത്തിനെതിരെ യു.എസ് കുറ്റപത്രം

By: 600110 On: Jul 8, 2026, 7:17 AM

 

കാനഡയിലെ പ്രമുഖ സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്താൻ ഉത്തരവിട്ടത് ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയും സംഘവുമാണെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ . ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾക്കെതിരെ യു.എസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ സുരക്ഷാ ഏജൻസികൾ സംയുക്തമായി നടത്തിയ വൻ ഓപ്പറേഷനിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇതിൻ്റെ ഭാഗമായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ലോറൻസ് ബിഷ്ണോയ്, രവീന്ദർ ധണ്ഡ, ജഗ്ഗു ഭഗവാൻപുരിയ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് ആഗോള ഗുണ്ടാസംഘങ്ങൾക്കെതിരെയാണ് എഫ്.ബി.ഐയും കനേഡിയൻ പോലീസും (RCMP) ചേർന്ന് നടപടി സ്വീകരിച്ചത്. മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകൽ, പണം തട്ടിയെടുക്കൽ, കൊലപാതകങ്ങൾ എന്നിവയിൽ ഈ സംഘങ്ങൾ സജീവമാണെന്ന് പോലീസ് വ്യക്തമാക്കി.

2023 ജൂണിൽ കാനഡയിലെ സറേയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്തുവെച്ചാണ് ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. ഇന്ത്യയിൽ ജയിലിലുള്ള ലോറൻസ് ബിഷ്ണോയിയും അമേരിക്കയിലെ ബിഷ്ണോയ് സംഘത്തിൻ്റെ തലവനായ ഗോൾഡി ബ്രാറും ചേർന്നാണ് ഈ കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് യു.എസ് കുറ്റപത്രത്തിൽ പറയുന്നു. സിഖ് - ഇന്ത്യൻ സമൂഹങ്ങളെ ഭയപ്പെടുത്താനും, അതിലൂടെ തങ്ങളുടെ പണം തട്ടൽ ബിസിനസ്സ് വ്യാപിപ്പിക്കുകയുമായിരുന്നു സംഘത്തിൻ്റെ ലക്ഷ്യമെന്ന് അമേരിക്കൻ അസിസ്റ്റൻ്റ് അറ്റോർണി വ്യക്തമാക്കി. ബിഷ്ണോയ് ഗ്രൂപ്പിനെ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ലോസ് ആഞ്ചലസിൽ നിന്നും കാനഡ അതിർത്തിയിലേക്ക് ആഴ്ചതോറും നൂറുകണക്കിന് കിലോഗ്രാം കൊക്കെയ്നും മെത്താംഫെറ്റാമൈനും വലിയ ട്രക്കുകളിലും കാർഷിക വാഹനങ്ങളിലും ഒളിപ്പിച്ച് കടത്തിയതിന് രവീന്ദർ സിംഗ് ധണ്ഡ ഉൾപ്പെടെയുള്ള 11 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളിയായിരുന്ന, പിന്നീട് ശത്രുവായി മാറിയ ജഗ്ഗു ഭഗവാൻപുരിയ എന്ന ഗുണ്ടാതലവനും ഇന്ത്യയിലെ ജയിലിൽ കിടന്നാണ് തൻ്റെ ആഗോള ശൃംഖല ഭരിക്കുന്നത്. ആയിരത്തിലധികം അംഗങ്ങളുള്ള ഇയാളുടെ സംഘം ലോകമെമ്പാടും തോക്ക് കള്ളക്കടത്തിലും മയക്കുമരുന്ന് വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുകയാണ്. ഓപ്പറേഷൻ ഹാർഡ് ബോൾ' എന്ന് പേരിട്ടിരിക്കുന്നവർഷങ്ങൾ നീണ്ട അന്വേഷണത്തിൽ ഇതുവരെ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ 37 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഒളിവിലുള്ള മറ്റ് 7 പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.