റിസപ്ഷനിസ്റ്റിൽ നിന്നും കോടീശ്വരിയായ സിഇഒ പദവിയിലേക്ക്; ഇന്ദ്ര നൂയിയുടെ വിജയഗാഥ

By: 600110 On: Jul 7, 2026, 10:21 AM

 

ലോകത്തെ ഏറ്റവും വലിയ ഫുഡ് ആൻ്റ് ബിവറേജ് കമ്പനികളിലൊന്നായ പെപ്സികോയുടെ  മുൻ സിഇഒ ഇന്ദ്ര നൂയിയുടെ വിജയവഴി കഠിനാധ്വാനത്തിൻ്റെയും അതിജീവനത്തിൻ്റേതുമാണ്. പ്രശസ്തമായ യേൽ സർവ്വകലാശാലയിലെ  പഠനച്ചെലവ് കണ്ടെത്താൻ ഇന്ദ്ര നടത്തിയത് കഠിനാദ്ധ്വാനമാണ്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ  രാത്രി മുഴുവൻ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി.

എൺപതുകളിലാണ് ഉപരിപഠനത്തിനായി ഇന്ദ്ര നൂയി ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തുന്നത്. അക്കാലത്ത് പ്രൊഫഷണൽ കോഴ്സുകളുടെ വാർഷിക ഫീസ് ഇന്നത്തെ നിരക്കിൽ ഏകദേശം 20,000 ഡോളറോളം വരുമായിരുന്നു. സാമ്പത്തികമായി സഹായിക്കാൻ കഴിയില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കിയതോടെയാണ് അവർ രാത്രി ജോലി ചെയ്യാൻ തീരുമാനിച്ചത്. കോളേജ് ജീവിതത്തിലെ ആഘോഷങ്ങളിൽ പങ്കുചേരുന്നതിന് പകരം അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 5 മണി വരെ ഡോർമിറ്ററിയിൽ റിസപ്ഷനിസ്റ്റായി അവർ ജോലി ചെയ്തു. അതിനുശേഷമാണ് രാവിലെ ക്ലാസുകളിലേക്ക് പോയിരുന്നത്.

"ഞങ്ങൾ കഠിനാധ്വാനം ചെയ്തത് ഒരു സോഷ്യൽ ലൈഫിന് വേണ്ടിയായിരുന്നില്ല, പഠിക്കാനും മുന്നേറാനും വേണ്ടി മാത്രമായിരുന്നു. പഠിക്കുക, മികച്ച മാർക്ക് വാങ്ങുക, എങ്ങനെയെങ്കിലും ഒരു ജോലി നേടിയെടുക്കുക, ഈ ഒരു ലക്ഷ്യം മാത്രമാണ് അന്ന് മുന്നിലുണ്ടായിരുന്നത്"- ഇന്ദ്ര നൂയി ഓർത്തെടുത്തു. മുതിർന്ന യു.എസ് നയതന്ത്രജ്ഞ കോണ്ടലീസ റൈസുമായുള്ള അഭിമുഖത്തിലായിരുന്നു ഇന്ദ്രയുടെ തുറന്നു പറച്ചിൽ. ഈ കഠിനാധ്വാനം പിന്നീട് കരിയറിൽ വലിയ ബഹുമാനം നേടിക്കൊടുത്തുവെന്നും അവർ പറയുന്നു.

യേലിലെ പഠനത്തിന് ശേഷം പ്രമുഖ കമ്പനികളായ ജോൺസൺ ആൻഡ് ജോൺസൺ, മോട്ടറോള എന്നിവയിൽ തന്ത്രപ്രധാന പോസ്റ്റുകളിൽ ജോലി ചെയ്ത അവർ 1994-ലാണ് പെപ്സികോയിലെത്തുന്നത്. 2006-ൽ കമ്പനിയുടെ സിഇഒ ആയി നിയമിതയായി. ഇന്ദ്ര നൂയിയുടെ നേതൃത്വത്തിൽ പെപ്സികോയുടെ വിൽപന 80 ശതമാനത്തോളമാണ് വർദ്ധിച്ചത്. ഫോർബ്സ് മാസികയുടെ കണക്കനുസരിച്ച് നിലവിൽ 300 മില്യൺ ഡോളറിലധികം ആസ്തി അവർക്കുണ്ട്. നേതൃപാടവം എന്നത്  പതിറ്റാണ്ടുകളുടെ നിരീക്ഷണത്തിലൂടെയും അനുഭവങ്ങളിലൂടെയും നേടിയെടുക്കുന്നതാണെന്നും ഇന്ദ്ര നൂയി പറയുന്നു.

ഇത് ഒളിമ്പിക്സിന് അല്ലെങ്കിൽ മറ്റേതെങ്കിലും കായിക വിനോദത്തിന് പരിശീലിക്കുന്നത് പോലെയാണ്. വർഷങ്ങളായുള്ള കഠിനമായ പ്രക്രിയയിലൂടെയാണ് മികച്ച നേതാക്കൾ രൂപപ്പെടുന്നത്. മികച്ച നേതാക്കളെ നിരീക്ഷിക്കുക, അവരുടെ തെറ്റുകളിൽ നിന്ന് പഠിക്കുക എന്നതാണ് ഉയരങ്ങളിലെത്താനുള്ള വഴി എന്നും അവർ വ്യക്തമാക്കി.