ഒൻ്റാരിയോയിലെ റോഡുകളിൽ വാണിജ്യ വാഹനങ്ങളുടെ പരമാവധി വേഗത നിയന്ത്രിക്കുന്ന നിയമം കൂടുതൽ ശക്തമായി നടപ്പാക്കണമെന്ന് ഒൻ്റാരിയോ ട്രക്കിംഗ് അസോസിയേഷൻ ആവശ്യപ്പെട്ടു. നിലവിൽ ഒൻ്റാരിയോയിൽ വലിയ ട്രക്കുകളുടെ പരമാവധി വേഗത മണിക്കൂറിൽ 105 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വേഗപരിധി കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ പരിശോധനകൾ നടക്കുന്നില്ലെന്നാണ് സംഘടനയുടെ ആക്ഷേപം.
പ്രവിശ്യയിലെ ചില പ്രധാന ഹൈവേകളിൽ സാധാരണ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററായി അടുത്തിടെ ഉയർത്തിയിരുന്നു. എന്നാൽ ഇത് വലിയ ട്രക്കുകൾക്ക് ബാധകമല്ലെന്നും അവയുടെ വേഗത മുൻപത്തെപ്പോലെ തന്നെ 105 കി.മീറ്ററിൽ പരിമിതപ്പെടുത്തണമെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വേഗത നിയന്ത്രിക്കാനുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ട്രക്കുകളിൽ ഘടിപ്പിക്കണമെന്ന നിയമം നിലവിലുണ്ട്. എന്നാൽ പല വാഹനങ്ങളും ഇത് ലംഘിക്കുന്നുണ്ടെന്ന് ഒൻ്റാരിയോ ട്രക്കിംഗ് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയും പരിശോധനയും ഉണ്ടായാൽ മാത്രമേ റോഡ് സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂ എന്നും സംഘടന ആവശ്യപ്പെട്ടു. വേഗപരിധി ലംഘിക്കുന്ന വാണിജ്യ വാഹനങ്ങൾക്കുള്ള പിഴത്തുക 250 ഡോളറിൽ നിന്നും 1000 ഡോളറായി സർക്കാർ നേരത്തെ ഉയർത്തിയിരുന്നു.