ആഗോള വിപണി ലക്ഷ്യമിട്ട് ആൽബെർട്ട; ‘ആൽബെർട്ട വിസ്കി’ ലോഗോ പ്രകാശനം ചെയ്തു

By: 600110 On: Jul 7, 2026, 10:06 AM

മദ്യം നിർമ്മാണ രംഗത്ത് തനത് ഉല്പ്പന്നങ്ങൾ ഉറപ്പാക്കാൻ പുതിയ നീക്കവുമായി  ആൽബർട്ട. ആൽബർട്ടയിൽ മാത്രം നിർമ്മിക്കുന്ന വിസ്കികളെ തിരിച്ചറിയുന്നതിനായുള്ള ഔദ്യോഗിക 'ആൽബർട്ട വിസ്കി' ലോഗോ ഭരണകൂടം പുറത്തിറക്കി.
പ്രീമിയർ ഡാനിയേൽ സ്മിത്തും സർവീസ് ആൽബർട്ട ആൻഡ് റെഡ് ടേപ്പ് റിഡക്ഷൻ മന്ത്രി ഡെയ്ൽ നാലിനും ചേർന്നാണ് തിങ്കളാഴ്ച ലോഗോ പ്രകാശനം ചെയ്തത്.

ആൽബർട്ടയുടെ പ്രകൃതിഭംഗി, ധാന്യങ്ങൾ, ജലാശയങ്ങൾ എന്നിവ പ്രവിശ്യയുടെ ഔദ്യോഗിക ചിഹ്നത്തിനുള്ളിൽ ഉൾക്കൊള്ളിച്ചാണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മദ്യനിർമ്മാണ മേഖലയിലെ പ്രമുഖരുമായി സഹകരിച്ചാണ് ലോഗോ തിരഞ്ഞെടുത്തതെന്ന് സർക്കാർ വ്യക്തമാക്കി. ഓരോ കുപ്പി വിസ്കിക്ക് പിന്നിലുമുള്ള ലോകോത്തര ഗുണനിലവാരവും കരവിരുതും വിസ്കി പ്രേമികൾക്ക് വിശ്വസ്തതയോടെ തിരിച്ചറിയാൻ ഈ ലോഗോ സഹായിക്കുമെന്ന് മന്ത്രി ഡെയ്ൽ നാലി പറഞ്ഞു. മേയ് മാസം മുതൽ പ്രാബല്യത്തിൽ വന്ന 'ആൽബർട്ട വിസ്കി ആക്റ്റ്' അനുസരിച്ചാണ് പുതിയ ലോഗോ പുറത്തിറക്കിയിരിക്കുന്നത്. ഈ നിയമപ്രകാരം 'ആൽബർട്ട വിസ്കി' എന്ന പേര് ഉപയോഗിക്കുന്നതിനും ലോഗോ പതിപ്പിക്കുന്നതിനും കർശന വ്യവസ്ഥകളുണ്ട്.

നൂറ് ശതമാനവും ആൽബർട്ടയിൽ നിന്നുള്ള വെള്ളവും പ്രാദേശികമായി ഉത്പാദിപ്പിച്ച ധാന്യങ്ങളും മാത്രം ഉപയോഗിച്ച് നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് മാത്രമേ ഈ ലോഗോ ഉപയോഗിക്കാൻ അനുമതിയുള്ളൂ.  പുതിയ ബ്രാൻഡിംഗ് പ്രാദേശിക ഡിസ്റ്റിലറികൾക്ക് ആഗോളതലത്തിൽ മത്സരിക്കാനും കർഷകർക്ക് മികച്ച പിന്തുണ നൽകാനും ആൽബർട്ടയുടെ പ്രശസ്‌തി വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് അധികൃതർ കൂട്ടിചേർത്തു. നിലവിൽ 45 ഡിസ്റ്റിലറികളുള്ള ആൽബർട്ടയിലെ വിസ്കികൾക്ക് നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.