വാഹനപരിശോധനയ്ക്കിടെ വൻ മയക്കുമരുന്ന് വേട്ട; കാൽഗറിയിൽ രണ്ട് കൌമാരക്കാർ പിടിയിൽ

By: 600110 On: Jul 7, 2026, 10:01 AM

 



കാനഡയിലെ കാൽഗറിയിൽ പോലീസ് നടത്തിയ സാധാരണ വാഹനപരിശോധനയ്ക്കിടെ വൻ മയക്കുമരുന്ന് ശേഖരവും വെടിയുണ്ടകളും പണവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കൌമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ കാൽഗറിയിലെ 68-ാം സ്ട്രീറ്റിനും മക്നൈറ്റ് ബൊളിവാർഡിനും സമീപം കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ഒരാളുടെ പേരിലുള്ള വാഹനം റോഡിലൂടെ പോകുന്നത് കണ്ടാണ് ഉദ്യോഗസ്ഥർ കാർ തടഞ്ഞു നിർത്തിയത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് കാറിനുള്ളിൽ രഹസ്യ അറകൾ കണ്ടെത്തിയത്. ഏകദേശം 738 ഗ്രാം കൊക്കെയ്ൻ, 104 ഗ്രാം ഫെൻ്റാനിൽ,  44 റൗണ്ട് 9 എംഎം വെടിയുണ്ടകൾ, 1,040 കനേഡിയൻ ഡോളർ എന്നിവയാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 43,000 ഡോളർ  വിലവരുമെന്ന് കാൽഗറി പോലീസ് അറിയിച്ചു.

സംഭവത്തിൽ 18 കാരനായ നടാലെ മഹ്ദർ ടെസ്ഫെ, പേര് വെളിപ്പെടുത്താത്ത 17 വയസ്സുകാരനായ മറ്റൊരു ആൺകുട്ടി എന്നിവർക്കെതിരെ മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. കാനഡയിലെ നിയമപ്രകാരം പ്രായപൂർത്തിയാകാത്തതിനാലാണ് 17 കാരന്റെ പേര് വിവരങ്ങൾ പുറത്തുവിടാത്തത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ വിവരമറിയിക്കണമെന്ന് കാൽഗറി പോലീസ് അഭ്യർത്ഥിച്ചു.