സിനിമയിൽ നായികയാകാൻ എഐ 'താരം'! ഹോളിവുഡിൽ വൻ പ്രതിഷേധം

By: 600110 On: Jul 7, 2026, 9:58 AM



എഐ വഴി സൃഷ്ടിച്ച 'തില്ലി നോർവുഡ്'  എന്ന കഥാപാത്രം ഒരു യഥാർത്ഥ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. കഴിഞ്ഞ വർഷം ഹോളിവുഡിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച ഈ എഐ സൃഷ്ടി, 'മിസ്അലൈൻഡ്'  എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. തില്ലി നോർവുഡിനെ നിർമ്മിച്ച 'പാർട്ടിക്കിൾ 6' എന്ന എഐ കമ്പനി തന്നെയാണ് ഈ സിനിമയും നിർമ്മിക്കുന്നത്.

ഡിജിറ്റൽ ലോകത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു കോമഡി ഡ്രാമയാണ് 'മിസ്അലൈൻഡ്'. സ്വന്തമായി ശരീരമോ, കുട്ടിക്കാലമോ, സ്വന്തം അനുഭവങ്ങളോ ഇല്ലാത്ത, എന്നാൽ മറ്റുള്ളവരുടെ വിവരങ്ങൾ മാത്രം കൈമുതലായുള്ള ഒരു എഐ കഥാപാത്രം പിന്നീട് മനുഷ്യനെപ്പോലെ ചിന്തിക്കാൻ തുടങ്ങുന്നതാണ് സിനിമയുടെ ഇതിവൃത്തം.പരമ്പരാഗത സിനിമാ പ്രവർത്തകരായ സംവിധായകർ, എഴുത്തുകാർ, എഡിറ്റർമാർ എന്നിവർക്കൊപ്പം എഐ വിദഗ്ധരും ചേർന്നാണ് ഈ ചിത്രം അണിയറയിൽ ഒരുക്കുന്നത്.

ഈ പ്രഖ്യാപനത്തോടെ ഹോളിവുഡിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. അമേരിക്കയിലെ പ്രമുഖ നടീനടന്മാരുടെ സംഘടനയായ 'സാഗ്-ആഫ്ട്ര' ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. ആയിരക്കണക്കിന് യഥാർത്ഥ കലാകാരന്മാരുടെ അനുവാദമില്ലാതെ, അവർക്ക് യാതൊരു പ്രതിഫലവും നൽകാതെ, അവരുടെ അഭിനയവും ശബ്ദവും കമ്പ്യൂട്ടറിനെ പഠിപ്പിച്ചാണ് ഈ കഥാപാത്രത്തെ ഉണ്ടാക്കിയിരിക്കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി. മനുഷ്യൻ്റെ അനുഭവങ്ങളുമായി ബന്ധമില്ലാത്ത എഐ രൂപങ്ങളെ കാണാൻ പ്രേക്ഷകർക്ക് താല്പര്യമുണ്ടാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ചലച്ചിത്ര പ്രവർത്തകനായ ലൂക്ക് ബാർനെറ്റ് ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ ഇതിനെതിരെ രംഗത്തുവന്നു. സാങ്കേതികവിദ്യയുടെ വളർച്ച സ്വതന്ത്ര സിനിമകൾ ചെയ്യുന്നവർക്ക് കുറഞ്ഞ ചെലവിൽ സിനിമയെടുക്കാൻ സഹായിക്കുമെങ്കിലും, ഇത് പുതിയ നടന്മാരുടെ അവസരങ്ങൾ ഇല്ലാതാക്കുമെന്ന് ഡിജിറ്റൽ മീഡിയ വിദഗ്ധർ ആശങ്കപ്പെടുന്നു. എഐ നടന്മാർക്ക് പ്രായമാകില്ലെന്നതും, അവർക്ക് വിശ്രമം ആവശ്യമില്ലെന്നതും മനുഷ്യരായ കലാകാരന്മാരുടെ കരിയറിനെ ദോഷകരമായി ബാധിച്ചേക്കാം. നിലവിൽ സിനിമയിലെ എഐ ഉപയോഗത്തിനെതിരെ കർശനമായ നിയമങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഹോളിവുഡിലെ സംഘടനകൾ.