സ്വയം ഓടുന്ന ടെസ്ല കാറിൽ സ്റ്റിയറിങ്ങിൽ തലചായ്ച്ച് ഡ്രൈവറുടെ സുഖനിദ്ര. ബ്രിട്ടീഷ് കൊളംബിയയിലാണ് സംഭവം. തിരക്കേറിയ ഹൈവേയിൽ കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്നൊരു സ്ത്രീയാണ് കാറിൻ്റെ സ്റ്റിയറിങ്ങിൽ തലചായ്ച്ച് ഉറങ്ങിയിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഗോൾഡനും റെവൽസ്റ്റോക്കിനും ഇടയിലുള്ള ഹൈവേ 1-ലായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം.
തൻ്റെ കുടുംബത്തോടൊപ്പം ഇതേ പാതയിലൂടെ യാത്ര ചെയ്യുകയായിരുന്ന കാർലീ കിംഗ് എന്ന സ്ത്രീയാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ആദ്യം കണ്ടപ്പോൾ തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ലെന്ന് കാർലീ കിംഗ് പറഞ്ഞു. തിരക്കേറിയ ഈ ഹൈവേയിൽ വന്യമൃഗങ്ങൾ ഇറങ്ങാനും റോഡ് പണി നടക്കാനും സാധ്യതയുള്ളതിനാൽ ഇത് വലിയൊരു അപകടത്തിന് കാരണമാകുമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. അതിനാൽ ഉടൻ തന്നെ അവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വണ്ടിയിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഉണ്ടെന്ന് കരുതി ഡ്രൈവർക്ക് പൂർണ്ണമായി ഡ്രൈവിങ്ങിൽ നിന്ന് മാറിനിൽക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് ബ്രിട്ടീഷ് കൊളംബിയ ഹൈവേ പെട്രോൾ ഉദ്യോഗസ്ഥനായ കോർപ്പറൽ മൈക്കൽ മക്‌ലോഗ്ലിൻ പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയിലെ നിയമപ്രകാരം 'ലെവൽ 2' വരെയുള്ള ഓട്ടോമേഷൻ (ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ് പോലുള്ളവ) മാത്രമേ അനുവദനീയമായിട്ടുള്ളൂ. വാഹനം ഓടുമ്പോൾ ഡ്രൈവർ പൂർണ്ണ ബോധത്തോടെ ഇരിക്കണമെന്നും, കൈകൾ സ്റ്റിയറിങ്ങിലും കാലുകൾ പെഡലുകൾക്ക് അടുത്തും ഉണ്ടായിരിക്കണമെന്നും നിർബന്ധമുണ്ട്. പൂർണ്ണമായും വണ്ടിക്ക് നിയന്ത്രണം വിട്ടുകൊടുത്ത് ഉറങ്ങാൻ പാടില്ല.
ഇങ്ങനെ വണ്ടിയിലിരുന്ന് ഉറങ്ങുന്നവർക്ക് ശ്രദ്ധയില്ലാതെ വണ്ടിയോടിച്ചതിന് ഏകദേശം $200 മുതൽ $400 വരെ (കനേഡിയൻ ഡോളർ) പിഴയും ലൈസൻസിൽ പെനാൽറ്റി പോയിൻ്റുകളും ലഭിക്കും. ലഹരി ഉപയോഗിച്ച് വണ്ടിയോടിക്കുന്നതിന് തുല്യമായാണ് ഇതിനെയും പോലീസ് കാണുന്നത്. സാങ്കേതികവിദ്യകൾ നന്നായി പ്രവർത്തിക്കുമെങ്കിലും അവയ്ക്ക് എപ്പോൾ വേണമെങ്കിലും പിഴവ് സംഭവിക്കാം. അതിനാൽ റോഡിൽ ഡ്രൈവർമാരുടെ ശ്രദ്ധ എപ്പോഴും വേണമെന്നും, പൂർണ്ണമായും സ്വയം ഓടുന്ന വണ്ടികൾക്ക് പ്രവിശ്യയിൽ നിലവിൽ അനുമതിയില്ലെന്നും ഗതാഗത മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.