ആൽബർട്ടയിൽ നിന്നും ഒൻ്റാരിയോയിലേക്ക് പുതിയൊരു എണ്ണ പൈപ്പ് ലൈൻ : നിർണ്ണായക പ്രഖ്യാപനവുമായി ഡഗ് ഫോർഡും ഡാനിയേൽ സ്മിത്തും

By: 600110 On: Jul 7, 2026, 9:51 AM

ആൽബർട്ടയിൽ നിന്നും ഒൻ്റാരിയോയിലേക്ക് പുതിയൊരു എണ്ണ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു സർക്കാരുകളും ശ്രമം തുടങ്ങി. 'നോർത്തേൺ ഷീൽഡ് എനർജി കോറിഡോർ' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 3,300 കിലോമീറ്റർ നീളമുണ്ടാകും. കഴിഞ്ഞ ആഴ്ച പടിഞ്ഞാറൻ തീരത്തേക്ക് പുതിയൊരു പൈപ്പ്‌ലൈൻ  പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്, കിഴക്കൻ മേഖലയെ ബന്ധിപ്പിച്ചു കൊണ്ടുള്ള  മറ്റൊരു പുതിയ പദ്ധതിയുമായി പ്രവിശ്യാ നേതാക്കൾ രംഗത്തെത്തിയത്. ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തുമാണ് കാൽഗറി സ്റ്റാമ്പീഡിനിടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ആൽബർട്ടയിലെ ഹാർഡിസ്റ്റിയിൽ നിന്ന് ആരംഭിച്ച് റെജീന, വിന്നിപെഗ് എന്നിവടങ്ങളിലൂടെ കടന്ന് ഒൻ്റാരിയോയിലെ പ്രശസ്ത റിഫൈനറി നഗരമായ സാർണിയയിൽ അവസാനിക്കുന്ന രീതിയിലാണ് ഇതിൻ്റെ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. ഈ പൈപ്പ്‌ലൈൻ വഴി പ്രതിദിനം അഞ്ച് ലക്ഷം ബാരൽ എണ്ണ ആഭ്യന്തര ആവശ്യങ്ങൾക്കായി എത്തിക്കാൻ സാധിക്കുമെന്നാണ് ഒൻ്റാരിയോ സർക്കാരിൻ്റെ കണക്കുകൂട്ടൽ. കാനഡയിൽ തന്നെ ഉത്പാദിപ്പിക്കുന്ന സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ പദ്ധതി വഴി രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനും, കുടുംബങ്ങൾക്ക് ചെലവ് കുറഞ്ഞ രീതിയിൽ ഇന്ധനം എത്തിക്കാനും, ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് പ്രീമിയർമാർ വ്യക്തമാക്കി. 

കാനഡയിലെ ഊർജ്ജ-റെയിൽവേ മേഖലകളെ ശക്തിപ്പെടുത്താൻ ഒൻ്റാരിയോ, ആൽബർട്ട, സസ്കാച്ചെവൻ എന്നീ പ്രവിശ്യകൾ കഴിഞ്ഞ വർഷം ഒപ്പുവെച്ച ധാരണാപത്രത്തിൻ്റെ തുടർച്ചയായാണ് ഈ പദ്ധതി വരുന്നത്. ഒൻ്റാരിയോയിൽ നിർമ്മിക്കാനിരിക്കുന്ന ജെയിംസ് ബേ ആഴക്കടൽ തുറമുഖവുമായി ഈ പാതയെ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. പദ്ധതിയെക്കുറിച്ച് പഠിക്കാൻ നിലവിൽ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഈ പൈപ്പ്‌ലൈൻ കടന്നുപോകേണ്ട മാനിറ്റോബ പ്രവിശ്യ ഈ പദ്ധതിയിൽ ഇതുവരെ പങ്കാളികളായിട്ടില്ല. പദ്ധതിക്കായി ചെലവാക്കേണ്ടി വരുന്ന വൻ തുക സംബന്ധിച്ചും ചോദ്യങ്ങൾ അവശേഷിക്കുകയാണ്.