അമേരിക്കന്‍ സ്വപ്നം തകര്‍ത്ത് ബെല്‍ജിയം; യുഎസ് പട പുറത്തേക്ക്, ചുവടുറപ്പിച്ചു റെഡ് ഡെവിള്‍സ്!

By: 600002 On: Jul 7, 2026, 9:49 AM



 

പി പി ചെറിയാന്‍


സിയാറ്റില്‍: 2026 ഫിഫ ലോകകപ്പില്‍ ആതിഥേയരായ അമേരിക്കയുടെ പോരാട്ടം കണ്ണീരോടെ അവസാനിച്ചു. സിയാറ്റിലില്‍ നടന്ന ആവേശകരമായ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് യുഎസിനെ തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ കരുത്തരായ സ്‌പെയിനാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബെല്‍ജിയത്തിനായി ഒന്‍പതാം മിനിറ്റിലും 39-ാം മിനിറ്റിലും ഗോള്‍ നേടി ചാര്‍ലസ് ഡി കെറ്റെലെയറെ മിന്നും പ്രകടനം കാഴ്ചവെച്ചു. 37-ാം മിനിറ്റില്‍ മാലിക് ടില്‍മാനിലൂടെ യുഎസ് ഒരു ഗോള്‍ മടക്കിയെങ്കിലും പ്രതിരോധത്തിലെ പാളിച്ചകളും ഗോള്‍കീപ്പര്‍ മാറ്റ് ഫ്രീസിന്റെ ഗുരുതരമായ പിഴവുകളും അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയായി. രണ്ടാം പകുതിയില്‍ ഹാന്‍സ് വനാകെന്‍ (57'), റൊമേലു ലുകാകു (ഇഞ്ചുറി ടൈം) എന്നിവരും ബെല്‍ജിയത്തിനായി ലക്ഷ്യം കണ്ടു.

മത്സരത്തിനിടെ അമേരിക്കയുടെ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ പുലിസിച്ചിന് പരിക്കേറ്റ് കളം വിടേണ്ടി വന്നതും യുഎസിന്റെ തിരിച്ചുവരവ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടതോടെ കനത്ത നിരാശയോടെയാണ് അമേരിക്കന്‍ ടീം ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങുന്നത്.