പി പി ചെറിയാന്‍
ന്യൂ ജേഴ്‌സി: അമേരിക്കയില്‍ സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ അനുഭവപ്പെട്ട റെക്കോര്‍ഡ് ചൂടിനെത്തുടര്‍ന്ന് ന്യൂ ജേഴ്‌സിയില്‍ മാത്രം 25 പേര്‍ മരിച്ചതായി സംശയിക്കുന്നു. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും എയര്‍ കണ്ടീഷണര്‍ ഇല്ലാത്ത വീടുകളിലും തെരുവുകളിലും പാര്‍ക്ക് ചെയ്ത വാഹനങ്ങളിലുമാണ് ഉണ്ടായിരുന്നത്.
കടുത്ത ചൂടിന് പിന്നാലെ മണിക്കൂറില്‍ 80 മൈല്‍ വേഗതയില്‍ വീശിയടിച്ച ശക്തമായ കാറ്റിലും ഇടിമിന്നലിലും 3 ലക്ഷത്തോളം ആളുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ജൂലൈ 4-നായിരുന്നു ഇത്തവണ അമേരിക്ക സാക്ഷ്യം വഹിച്ചത്. ചില നഗരങ്ങളില്‍ താപനില 106 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഉയര്‍ന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലയിടങ്ങളിലും കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.