പ്രസാദ് തീയാടിക്കല്‍
സനാ - ചെങ്കടല്‍: യെമനിലെ ചെങ്കടല്‍ തീരപ്രദേശത്ത് സംഘര്‍ഷം വീണ്ടും രൂക്ഷമായി. ഇറാന്‍ പിന്തുണയുള്ള ഹൂത്തി സായുധസംഘം നടത്തിയ ആക്രമണത്തില്‍ അന്താരാഷ്ട്ര അംഗീകാരമുള്ള യെമന്‍ സര്‍ക്കാരിന്റെ സൈന്യത്തിലെ 16 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഹൊദൈദ തുറമുഖത്തിന് തെക്കന്‍ മേഖലയിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും മാരകമായ ഏറ്റുമുട്ടലുകളില്‍ ഒന്നായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, യെമന്റെ ചെങ്കടല്‍ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന ഒരു ചരക്കുകപ്പലിനുനേരെയും ആയുധധാരികള്‍ ആക്രമണം നടത്തിയതായി ബ്രിട്ടീഷ് മാരിടൈം അധികൃതര്‍ അറിയിച്ചു. കപ്പലിന് നേരെ വെടിയുതിര്‍ക്കപ്പെട്ടെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചതോടെ ആക്രമികള്‍ പിന്മാറി. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ സംഭവം ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന് സമീപമായതിനാല്‍, മേഖലയില്‍ വീണ്ടും കടല്‍ഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ശക്തമായിരിക്കുകയാണ്. ചെങ്കടലിലൂടെയുള്ള അന്താരാഷ്ട്ര വ്യാപാരക്കപ്പല്‍ ഗതാഗതത്തിനും ഈ സംഭവവികാസങ്ങള്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായാണ് വിലയിരുത്തല്‍.