മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ചരിത്രത്തെക്കുറിച്ചുള്ള ലാല്‍ വര്‍ഗീസിന്റെ രണ്ടാം ഗ്രന്ഥം ആമസോണ്‍ കിന്‍ഡില്‍ ഇ-ബുക്കില്‍  

By: 600002 On: Jul 6, 2026, 12:52 PM

 

 

ലാല്‍ വര്‍ഗീസ്
Attorney at Law
Dallas, Texas, USA

ഡാലസ്: അമേരിക്കയിലെ ഡാലസില്‍ അഭിഭാഷകനായ ലാല്‍ വര്‍ഗീസിന്റെ രണ്ടാം ഗ്രന്ഥമായ 'A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church' ആമസോണ്‍ Kindle eBooks പ്ലാറ്റ്ഫോമിലൂടെ ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്. അമേരിക്കയില്‍ ഇതിന്റെ വില 5.99 യു.എസ്. ഡോളര്‍ മാത്രമാണ്.

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ചരിത്രം, പൈതൃകം, വിശ്വാസം, ആരാധനാക്രമം (ലിറ്റര്‍ജി), കൂട്ടായ ആരാധന, സഭാപാരമ്പര്യങ്ങള്‍, നവീകരണ പ്രസ്ഥാനം എന്നിവയെ സമഗ്രമായും സംക്ഷിപ്തമായും പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. പ്രത്യേകിച്ച് മാര്‍ത്തോമ്മാ സഭയുടെ അടുത്ത തലമുറയ്ക്ക് അവരുടെ സഭയുടെ വിശ്വാസപാരമ്പര്യവും ആത്മീയ പൈതൃകവും ആഴത്തില്‍ മനസ്സിലാക്കുന്നതിനും സംരക്ഷിക്കുന്നതിനും ഈ ഗ്രന്ഥം സഹായകമാകുമെന്ന പ്രത്യാശയിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മലങ്കര മാര്‍ത്തോമ്മാ സഭയുടെ ചരിത്രം അചഞ്ചലമായ വിശ്വാസത്തിന്റെയും നവീകരണാത്മക ദര്‍ശനത്തിന്റെയും സുവിശേഷമൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെയും തെളിവാണ്. കിഴക്കന്‍ സഭയുടെ സമ്പന്നമായ പാരമ്പര്യത്തില്‍ വേരൂന്നിക്കൊണ്ട് കാലാനുസൃതമായ നവീകരണം സ്വീകരിച്ച സഭയുടെ യാത്രയാണ് ഈ ഗ്രന്ഥം അവതരിപ്പിക്കുന്നത്.

വടക്കേ അമേരിക്കയുള്‍പ്പെടെ പ്രവാസരാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന രണ്ടും മൂന്നും തലമുറകളെ സഭയുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും നിലനിര്‍ത്തുക എന്നത് ഇന്ന് സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. സാംസ്‌കാരിക അകലം, തലമുറകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍, നാമമാത്ര സഭകളുടെയും സ്വതന്ത്ര സഭകളുടെയും ആകര്‍ഷണം തുടങ്ങിയ സാഹചര്യങ്ങളില്‍ സഭയുടെ അടിസ്ഥാന സ്വത്വം സംരക്ഷിച്ചുകൊണ്ട് കാലാനുസൃതമായ മാറ്റങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഈ ഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നു.

നമ്മുടെ പൂര്‍വികര്‍ വിശ്വാസത്തിനുവേണ്ടി നടത്തിയ ത്യാഗങ്ങളും സഭയുടെ വളര്‍ച്ചയ്ക്കുവേണ്ടി നല്‍കിയ സംഭാവനകളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിലൂടെ സഭയോടുള്ള ആത്മബന്ധവും ഉത്തരവാദിത്വബോധവും വളര്‍ത്തിയെടുക്കുകയാണ് ഗ്രന്ഥത്തിന്റെ ലക്ഷ്യം.

രണ്ടും മൂന്നും തലമുറയിലെ അംഗങ്ങളുടെ ആത്മീയവും സാംസ്‌കാരികവുമായ ആവശ്യങ്ങള്‍ മനസ്സിലാക്കി ഉള്‍ക്കൊള്ളുന്ന ശുശ്രൂഷ, സാംസ്‌കാരിക ബോധമുള്ള വൈദിക നേതൃത്വം, പ്രസക്തമായ ആരാധനാരീതികള്‍, യുവജനങ്ങള്‍ക്ക് നേതൃത്വത്തില്‍ പങ്കാളിത്തം എന്നിവ സഭയുടെ ഭാവിക്ക് അനിവാര്യമാണെന്ന് ഗ്രന്ഥകാരന്‍ വിലയിരുത്തുന്നു. 'ഒരു ഇടവക  ഒരു സമൂഹം' എന്ന കാഴ്ചപ്പാടിലൂടെ ഐക്യം വളര്‍ത്തിയെടുക്കുകയും എല്ലാ തലമുറകളെയും ഒരുമിച്ച് കൂട്ടുകയും ചെയ്യുമ്പോഴേ സഭയുടെ ദൗത്യം വരുംതലമുറകളിലേക്ക് ഫലപ്രദമായി കൈമാറാന്‍ കഴിയൂ എന്നും ഗ്രന്ഥം ഊന്നിപ്പറയുന്നു.

ഈ ഗ്രന്ഥത്തിന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ആമുഖം (Foreword) എഴുതിയിട്ടുണ്ട്. വടക്കേ അമേരിക്കാ ഭദ്രാസനാധ്യക്ഷന്‍ ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പയും, ഇംഗ്ലണ്ടിലെ ആദ്യകാല മാര്‍ത്തോമ്മാ പ്രവാസിയും പണ്ഡിതനുമായ ഡോ. സാക്ക് വര്‍ഗീസ് ആശംസാസന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഗ്രന്ഥത്തിന്റെ എഡിറ്റിംഗും മുഖവുരയും നിര്‍വഹിച്ച റവ. ഡോ. ജെയിംസണ്‍ കെ. പള്ളിക്കുന്നേലിനോടും, കൈയെഴുത്തുപ്രതി സൂക്ഷ്മമായി പരിശോധിക്കുകയും മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും സഹകരിക്കുകയും ചെയ്ത ഭാര്യ കൊച്ചുമോളോടും ഗ്രന്ഥകാരന്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

മാര്‍ത്തോമ്മാ സഭയുടെ ചരിത്രം, വിശ്വാസം, ആരാധന, ലിറ്റര്‍ജി, സഭാപാരമ്പര്യം, കൂട്ടായ ആരാധനയുടെ പ്രാധാന്യം എന്നിവ പുതിയ തലമുറയ്ക്ക് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം ഉപകരിക്കുമെന്നാണ് ഗ്രന്ഥകാരന്റെ പ്രത്യാശയും പ്രാര്‍ത്ഥനയും.

ശ്രദ്ധിക്കുക: ഈ ഗ്രന്ഥത്തിന്റെ വില്‍പ്പനയില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ സ്ഥാപനമായ ആലുവ ശാന്തിഗിരി ആശ്രമം സ്ഥാപിച്ച 'ശാന്തിഗിരി എന്‍ഡോവ്മെന്റ് ഫണ്ടിലേക്ക്' സംഭാവനയായി നല്‍കുന്നതാണ്.

A Faith Journey: Milestones in the History of Malankara Mar Thoma Syrian Church - Kindle edition by Varghese, Lal . Religion & Spirituality Kindle eBooks @ Amazon.com.