പ്രസാദ് തീയാടിക്കല്‍
ഡെല്‍ഹി: അമേരിക്കയിലും ഇന്ത്യയിലുമുള്ള മരുന്നുകളുടെ വിലയിലെ വന്‍ വ്യത്യാസം ചൂണ്ടിക്കാട്ടിയ അമേരിക്കന്‍ യുവതി ലിസിന്റെ (Liz) വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. രക്താര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെവ്ലിമിഡ് (Revlimid) എന്ന മരുന്നിന്റെ അമേരിക്കന്‍ ബ്രാന്‍ഡഡ് പതിപ്പിന് ഒരു ഗുളികയ്ക്ക് ഏകദേശം 900 ഡോളര്‍ (ഏകദേശം 85,000 രൂപ) വിലയുണ്ടെന്നും, അതേ മരുന്നിന്റെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ജനറിക് പതിപ്പ് 35 രൂപ മുതല്‍ 300 രൂപ വരെ ലഭ്യമാണെന്നും ലിസ് വീഡിയോയില്‍ പറയുന്നു.
തന്റെ അമ്മായിക്ക് രക്താര്‍ബുദ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും, ഇന്ത്യയിലെ വില മനസ്സിലാക്കിയപ്പോള്‍ താന്‍ അതീവ ആശ്ചര്യപ്പെട്ടുവെന്നും ലിസ് വ്യക്തമാക്കി. 'ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ മരുന്നുകളാണ് ലഭിക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ രോഗികളില്‍ നിന്ന് അമിത വില ഈടാക്കുകയാണ്,' എന്നായിരുന്നു അവരുടെ പ്രതികരണം.
ഈ വീഡിയോയ്ക്ക് പിന്നാലെ ആരോഗ്യപരിചരണ ചെലവുകളും മരുന്നുകളുടെ വിലനിര്‍ണയവും സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായി. നിരവധി പേര്‍ ഇന്ത്യയിലെ ജനറിക് മരുന്നുകളുടെ ലഭ്യതയെ പ്രശംസിച്ചപ്പോള്‍, ചിലര്‍ അമേരിക്കയിലെ ഉയര്‍ന്ന മരുന്നുവിലയെ വിമര്‍ശിച്ചു.
അതേസമയം, വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ബ്രാന്‍ഡഡ് മരുന്നുകളും ജനറിക് മരുന്നുകളും തമ്മിലുള്ള വിലവ്യത്യാസത്തിന് പേറ്റന്റ് സംരക്ഷണം, ഗവേഷണ-വികസന ചെലവ്, സര്‍ക്കാര്‍ നയങ്ങള്‍, വിപണിയിലെ മത്സരം തുടങ്ങിയ ഘടകങ്ങളാണ് പ്രധാന കാരണങ്ങളെന്നാണ്.