ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വെന്‍ഷന്‍  കൗണ്ട്ഡൗണ്‍ ആരംഭിച്ചു; ഇനി 26 ദിവസം മാത്രം! സംഘാടകര്‍ക്കു ആവേശം ഇരട്ടിക്കുന്നു; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു 

By: 600002 On: Jul 6, 2026, 12:34 PM



 

ജീമോന്‍ റാന്നി (കണ്‍വെന്‍ഷന്‍ മീഡിയ ചെയര്‍- ഓണ്‍ലൈന്‍ ന്യൂസ്  )

 
ഹൂസ്റ്റണ്‍: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളികളെ ഒരുമിപ്പിക്കുന്ന ഫോമാ (FOMA) ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വെന്‍ഷന് ഇനി 26 ദിവസം മാത്രം. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളില്‍ ഹൂസ്റ്റണിലെ വിന്‍ഡ്ഹാം ഹൂസ്റ്റണ്‍ ഹോട്ടലില്‍ നടക്കുന്ന മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നതായി സംഘാടക സമിതി അറിയിച്ചു.

ഫോമയ്ക്ക് ജന്മം നല്‍കിയ ഹൂസ്റ്റണില്‍ വീണ്ടും അരങ്ങേറുന്ന കണ്‍വെന്‍ഷന്‍ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സമ്മേളനങ്ങളിലൊന്നാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. വിവിധ റീജിയനുകളിലെയും ദേശീയ ഭാരവാഹികളുടെയും സജീവ പങ്കാളിത്തത്തോടെ ഓരോ മൂന്ന് ദിവസത്തിലൊരിക്കല്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും തുടര്‍ നടപടികള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു.

ജൂലൈ 2-ന് അപ്ന ബസാറില്‍ ചേര്‍ന്ന സതേണ്‍ റീജിയന്‍ പ്രവര്‍ത്തകയോഗത്തില്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.

കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍ ഓരോരുത്തരുടെയും കൂട്ടായ പിന്തുണ ആവശ്യപ്പെട്ട് എല്ലാവരെയും സ്വാഗതം ചെയ്തു.

തന്റെ സ്വന്തം തട്ടകമായ ഹൂസ്റ്റണില്‍ നടക്കുന്ന ഈ കണ്‍വെന്‍ഷന്‍ അവിസ്മരണീയമാക്കാന്‍ എല്ലാ പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമമാണ് ശക്തിയെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. ഓരോ പ്രവര്‍ത്തനത്തിനും വ്യക്തിപരമായ ശ്രദ്ധ നല്‍കി അദ്ദേഹം നേതൃത്വം നല്കിവരുന്നു.

ജനറല്‍ കണ്‍വീനര്‍ ജിജു കുളങ്ങര ഫോമായുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കണ്‍വെന്‍ഷനുകളിലൊന്നാക്കി ഈ സമ്മേളനത്തെ മാറ്റാന്‍ എല്ലാ കമ്മിറ്റികളും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചുവരുന്നതായി പറഞ്ഞു.

ബേബി മണക്കുന്നേല്‍, ജിജു കുളങ്ങര, ഷാജി എഡ്വേര്‍ഡ് ടീം തയ്യാറാക്കിയ പ്രോഗ്രാമുകളുടെ ഏകദേശ രൂപം ജിജു അവതരിപ്പിച്ചു. പ്രോഗ്രാമുകളില്‍ ഒരു പാട് സര്‍പ്രൈസുകള്‍ ഒളിഞ്ഞിരുപ്പുണ്ടെന്ന്  ടീം പറഞ്ഞു.

യോഗത്തില്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തന പുരോഗതി ബന്ധപ്പെട്ട ഭാരവാഹികള്‍ അവതരിപ്പിച്ചു. രാജന്‍ യോഹന്നാന്‍ (സെക്യൂരിറ്റി), ജീമോന്‍ റാന്നി (പ്രസ് മീറ്റ്), പൊടിയമ്മ പിള്ള (ഉദ്ഘാടന ഘോഷയാത്ര), ജോയ് എന്‍. സാമുവല്‍ (സ്വീകരണ-അതിഥി സത്കാര കമ്മിറ്റി), ജോണ്‍ ഉമ്മന്‍ (പ്രസാദ്) (ബിസിനസ് മീറ്റ്), ക്രിസ്റ്റഫര്‍ ജോര്‍ജ് (രജിസ്‌ട്രേഷന്‍) എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ജൂലൈ 18-ന് 2 മണിക്ക് സംഘടിപ്പിക്കുന്ന പ്രസ് മീറ്റിന് നേതൃത്വം നല്‍കും. ഓഗസ്റ്റ് 2-ന് നടക്കുന്ന 'ഫോമാ ക്രോസ് ഫയര്‍' എന്ന പ്രത്യേക സംവാദത്തില്‍ അമേരിക്കന്‍ മലയാളി സംഘടനകളും മാധ്യമ പ്രതിനിധികളും പങ്കെടുക്കും. കണ്‍വെന്‍ഷന്റെ ശ്രദ്ധേയമായ പരിപാടികളിലൊന്നായിരിക്കുമെന്ന് കോര്‍ഡിനേറ്റര്‍ ജീമോന്‍ റാന്നി അറിയിച്ചു.

ഡോ. റെയ്ന റോക്ക് നേതൃത്വം നല്‍കുന്ന മെഡിക്കല്‍ ഫെയറും ശനിയാഴ്ച നടക്കും. കൂടുതല്‍ ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രത്യേക ക്രമീകരണങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് റെയ്ന പറഞ്ഞു. 

15 റീജിയനുകളില്‍ നിന്നുള്ള പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടക്കുന്ന വര്‍ണാഭമായ ഉദ്ഘാടന ഘോഷയാത്രയ്ക്ക് ദേശീയ ചെയര്‍മാന്‍ തോമസ് ഒലിയാംകുന്നേല്‍ നേതൃത്വം നല്‍കും. ഘോഷയാത്ര വിജയിപ്പിക്കാന്‍ എല്ലാ റീജിയനുകളുടെയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇതോടനുബന്ധിച്ച് നടക്കുന്ന 56 ഗെയിം ചീട്ടുകളി മത്സരം വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും നല്‍കും.

കണ്‍വെന്‍ഷന്‍ നാഷണല്‍ മീഡിയ ചെയര്‍ സൈമണ്‍ വളാച്ചേരില്‍ മീഡിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദീകരിച്ചു. കണ്‍വെന്‍ഷനെ അനുബന്ധിച്ച് പ്രത്യേക സപ്ലിമെന്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് എയ്ഡ് ടീമിന് ആന്‍സി ശാമുവേല്‍, മെര്‍ലിന്‍ സാജന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഫോമാ ദേശീയ റീജിയന്‍ നേതാക്കളായ എസ്. കെ. ചെറിയാന്‍, മിഖായേല്‍ ജോയ് (മിക്കി), തോമസ് ജോര്‍ജ് (സഞ്ജു), സാജന്‍ ജോണ്‍, ശശി പിള്ള, ഡെന്നിസ് മാത്യു, ഇന്നസെന്റ് തുടങ്ങിയവരും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ അഭിമാന സമ്മേളനമായി ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വെന്‍ഷനെ മാറ്റാന്‍ എല്ലാ മലയാളികളുടെയും പിന്തുണയും പങ്കാളിത്തവും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.