കാനഡയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തുന്നതിനായി
എഐ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നത് പുതിയ കുടിയേറ്റക്കാരുടെ തൊഴിലവസരങ്ങളെ ഗുരുതരമായി ബാധിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. മനുഷ്യസഹജമായ പക്ഷപാതങ്ങൾക്കൊപ്പം എഐ അൽഗോരിതങ്ങളുടെ തകരാറുകൾ കൂടി ചേരുമ്പോൾ വിദേശ പശ്ചാത്തലമുള്ള ഉദ്യോഗാർത്ഥികൾ വ്യവസ്ഥാപിതമായി പാർശ്വവത്കരിക്കപ്പെടുന്നുവെന്ന് ടൊറൻ്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും കാനഡ റിസർച്ച് ചെയറുമായ രൂപ ബാനർജി വ്യക്തമാക്കുന്നു.
കനേഡിയൻ സർവ്വകലാശാലകളിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന നൽകുന്ന രീതിയിലുള്ള മുൻകാല ഡാറ്റകളിലാണ് എഐ സിസ്റ്റങ്ങൾ പ്രവർത്തിക്കുന്നത്. അതിനാൽ അന്താരാഷ്ട്ര യോഗ്യതകളുള്ള അപേക്ഷകരെ ഇവ യാന്ത്രികമായി തഴയുന്നതായാണ് കണ്ടെത്തൽ. റിക്രൂട്ട്‌മെൻ്റ് പ്രക്രിയയിലെ മാനുഷിക പരിഗണനകളുടെ അഭാവം ഉദ്യോഗാർത്ഥികളിൽ കടുത്ത അവിശ്വാസത്തിനും നിരാശയ്ക്കും കാരണമാകുന്നുണ്ട്. വിദേശ വിദ്യാഭ്യാസ പശ്ചാത്തലമുള്ള അപേക്ഷകർ തങ്ങളുടെ റെസ്യൂമുകൾ തയ്യാറാക്കാൻ ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന തൊഴിലുടമകളുടെ വർദ്ധിച്ചുവരുന്ന സംശയം പ്രതിസന്ധി ഇരട്ടിയാക്കുന്നു. വിദേശ ഉദ്യോഗാർത്ഥികളുടെ യഥാർത്ഥ ഭാഷാ വൈദഗ്ധ്യം കൃത്യമായി വിലയിരുത്താനാകാത്തത് റിസ്ക് വർദ്ധിപ്പിക്കുന്നുവെന്ന് ചില തൊഴിലുടമകളും സമ്മതിക്കുന്നുണ്ട്.
നിലവിൽ കാനഡയിലെത്തുന്ന പുതിയ കുടിയേറ്റക്കാരിൽ 32 ശതമാനത്തിലധികം പേരും തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലികളല്ല ചെയ്യുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ എഐ സ്ക്രീനിംഗ് രീതികൾ ഈ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. ഈ സാങ്കേതിക വെല്ലുവിളികൾക്കിടയിലും എഐ സംവിധാനങ്ങളെ കുടിയേറ്റക്കാർക്ക് അനുകൂലമായി ഉപയോഗിക്കാനുള്ള സാധ്യതകളും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കമ്പനികളുടെ എഐ ഫിൽറ്ററുകളെ മറികടക്കാൻ ഉദ്യോഗാർത്ഥികൾക്ക് ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് തങ്ങളുടെ അപേക്ഷകൾ മെച്ചപ്പെടുത്തമെന്ന് ടൊറൻ്റെ റീജിയൻ ഇമിഗ്രൻ്റ് എംപ്ലോയ്മെൻ്റ് കൗൺസിൽ സിഇഒ പറയുന്നു.
കൂടാതെ എഐ ടൂളുകൾ വഴി മോക്ക് ഇൻ്റർവ്യൂകൾ നടത്തി തങ്ങളുടെ പോരായ്മകൾ പരിഹരിക്കാനും യോഗ്യതകൾ കൃത്യമായി അവതരിപ്പിക്കാനും പുതിയ അപേക്ഷകർക്ക് സാധിക്കും. അൽഗോരിതങ്ങളുടെ തരംതിരിക്കൽ രീതികൾ മനസ്സിലാക്കി അപേക്ഷകൾ സമർപ്പിക്കുന്നത് തൊഴിൽ വിപണിയിലെ ഈ പുതിയ തടസ്സങ്ങളെ മറികടക്കാൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.