സൂക്ഷ്മതയുടെയും ഏകാഗ്രതയുടെയും അതീവ ശാന്തമായൊരു ലോകം. അതാണ് കാനഡയിലെ ക്യൂബെക്കിലുള്ള 'ട്രോവ-റിവിയർ' എന്ന നഗരത്തിൽ പ്രവർത്തിക്കുന്ന 'എക്കോൾ നാഷണൽ ഡി ഹോർലോഗേരി'. ഒരു പ്രൈമറി സ്കൂളിന്റെ മൂന്നാം നിലയിലാണ് ഈ അപൂർവ്വ ലോകം സ്ഥിതി ചെയ്യുന്നത്. കാനഡയിലെ ഒരേയൊരു വാച്ച് മേക്കിംഗ് സ്കൂളായ 'എക്കോൾ നാഷണൽ ഡി ഹോർലോഗേരി' (École nationale d'horlogerie) ആണിത്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, തിരികെയെത്തിയ സൈനികർക്ക് ജീവിതമാർഗ്ഗം കണ്ടെത്താനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമാണ് 80 വർഷം മുൻപ് ഈ വിദ്യാലയം ആരംഭിച്ചത്. എന്നാൽ ഇന്നത് ലോകോത്തര ബ്രാൻഡുകളിലേക്ക് വിദഗ്ധരെ വാർത്തെടുക്കുന്ന പ്രശസ്തമായ ഒരു പഠനകേന്ദ്രമാണ്.ഒരു പ്രൈമറി സ്കൂളിൻ്റെ മൂന്നാം നിലയിലാണ് നിലവിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് ചെറു ഘടകങ്ങളും ഘടികാരങ്ങളും സൂക്ഷിച്ചിരിക്കുന്ന ഇവിടുത്തെ ക്ലാസ് മുറികൾ തികച്ചും ശാന്തമാണ്. അതീവ ശ്രദ്ധയും ക്ഷമയും ആവശ്യമായ ഈ തൊഴിലിന് ഈ ശാന്തത അത്യാവശ്യമാണെന്ന് ഇവിടുത്തെ അധ്യാപകനായ ബെനോയിറ്റ് മെഴ്സിയർ പറയുന്നു.
കോഴ്സിന്റെ സവിശേഷതകളും ജോലി സാധ്യതകളും
നിലവിൽ 20 വിദ്യാർത്ഥികൾക്കാണ് ഇവിടെ ഒരേസമയം പഠിക്കാൻ അനുമതിയുള്ളത്. പ്രവേശനത്തിനായി നിരവധി പേർ കാത്തിരിപ്പ് പട്ടികയിലുണ്ട്. ടാഗ് ഹ്യൂയർ, റോളക്സ് (Rolex) തുടങ്ങിയ പ്രമുഖ ആഗോള ബ്രാൻഡുകൾ ഇവിടെയുള്ള ഉദ്യോഗാർത്ഥികളെ തേടിയെത്താറുണ്ട്. പേപ്പറിനേക്കാൾ നേർത്ത വാച്ചിൻ്റെ ഉള്ളിലെ ഭാഗങ്ങൾ കൈകാര്യം ചെയ്യാൻ വളരെ സൂക്ഷ്മതയോടെ ജോലി ചെയ്യേണ്ടതുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. മെറ്റൽ സോൾഡറിംഗ് ഉൾപ്പെടെയുള്ള പ്രത്യേക പരിശീലനങ്ങളും ഇവിടെ നൽകുന്നുണ്ട്. ഫാഷൻ മാറുമ്പോൾ എല്ലാം വലിച്ചെറിയുന്ന ഇന്നത്തെ കാലത്ത്, പഴയവയെ നന്നാക്കി സൂക്ഷിക്കുന്ന വാച്ച് നിർമ്മാണത്തിന് വലിയ അർത്ഥമുണ്ട്," എന്നാണ് ഇൻ്റീരിയർ ഡിസൈനർ ജോലി ഉപേക്ഷിച്ച് ഇവിടെ പഠിക്കാനെത്തിയ ഒരു വിദ്യാർത്ഥിയുടെ അഭിപ്രായം.
പ്രൈമറി സ്കൂളിന് കൂടുതൽ സ്ഥലം ആവശ്യമായി വന്നതിനെത്തുടർന്ന് വാച്ച് മേക്കിംഗ് സ്കൂൾ അവിടെനിന്നും മാറ്റാൻ ക്യൂബെക്ക് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ചെറു കുപ്പികളിലും ഡ്രോയറുകളിലുമായി സൂക്ഷിച്ചിരിക്കുന്ന ദശലക്ഷക്കണക്കിന് അതിസൂക്ഷ്മമായ വാച്ച് ഭാഗങ്ങളും ഉപകരണങ്ങളും കേടുപാടുകൾ കൂടാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് അധ്യാപകർ വ്യക്തമാക്കുന്നു. എങ്കിലും നഗര പരിധിക്കുള്ളിൽ തന്നെ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് സ്കൂൾ ഉടൻ മാറ്റാനാണ് തീരുമാനം.