അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദം വിളിച്ചോതുന്ന വിവിധ പരിപാടികളുമായി കാനഡ. കാനഡയുടെ തലസ്ഥാനമായ ഓട്ടവയ്ക്ക് മുകളിലൂടെ ഇരുരാജ്യങ്ങളുടെയും യുദ്ധവിമാനങ്ങൾ നടത്തിയ സംയുക്ത ഫ്ലൈ-പാസ്റ്റ് നടത്തി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ആശംസകൾ, അമേരിക്കയ്ക്ക് സമ്മാനമായി നൽകുന്ന 250 മേപ്പിൾ തൈകൾ എന്നിവ ഈ ആഘോഷങ്ങളുടെ ഭാഗമാണ്.
ശനിയാഴ്ച വൈകുന്നേരം നടന്ന ഫ്ലൈ-പാസ്റ്റിൽ കാനഡയുടെ രണ്ട് സി.എഫ്-18 ഹോർനെറ്റ് വിമാനങ്ങളും അമേരിക്കയുടെ രണ്ട് എഫ്-35 ലൈറ്റ്‌നിംഗ് II യുദ്ധവിമാനങ്ങളുമാണ് പങ്കെടുത്തത്. വടക്കേ അമേരിക്കൻ വ്യോമപ്രതിരോധ കമാൻഡ് വഴിയുള്ള ഇരുരാജ്യങ്ങളുടെയും ശക്തമായ സൈനിക പങ്കാളിത്തത്തിൻ്റെ പ്രതീകമായാണ് ഈ പ്രകടനം സംഘടിപ്പിച്ചതെന്ന് കാനഡയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കാനഡയും അമേരിക്കയും തലമുറകളായി കെട്ടിപ്പടുത്ത സൗഹൃദം ലോകത്തിന് തന്നെ മാതൃകയാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി തൻ്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തിൻ്റെ പ്രതീകമായി കാനഡ നൽകുന്ന 250 മേപ്പിൾ തൈകൾ വാഷിംഗ്ടൺ ഡി.സിയിലും കാനഡയുമായി അതിർത്തി പങ്കിടുന്ന 13 അമേരിക്കൻ സംസ്ഥാനങ്ങളിലുമായി നട്ടുപിടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നയാഗ്ര വെള്ളച്ചാട്ടം അമേരിക്കൻ ദേശീയ പതാകയുടെ നിറങ്ങളായ ചുവപ്പ്, വെള്ള, നീല വെളിച്ചങ്ങളാൽ അലങ്കരിച്ചു. കൂടാതെ, ന്യൂയോർക്ക് ഉൾപ്പെടെയുള്ള പ്രമുഖ അമേരിക്കൻ തീരങ്ങളിൽ നടന്ന കപ്പൽ പ്രദർശനങ്ങളിൽ കനേഡിയൻ സൈനിക കപ്പലുകളും പങ്കുചേന്നു.
ബ്രിട്ടനിലെ ചാർലസ് മൂന്നാമൻ രാജാവും അമേരിക്കയ്ക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹൃദത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമാണെന്നും, വരും വർഷങ്ങളിലും ഈ സൗഹൃദം കൂടുതൽ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം തൻ്റെ സന്ദേശത്തിൽ വ്യക്തമാക്കി.