സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ ഓഡോമീറ്റർ റീഡിംഗിൽ മാറ്റങ്ങൾ വരുത്തി ഉപഭോക്താക്കളെ വഞ്ചിച്ച കേസിൽ പ്രതിക്കായി കാൽഗറി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വാഹനം വാങ്ങി സമാനമായ രീതിയിൽ തട്ടിപ്പിനിരയായ കൂടുതൽ ഇരകൾ ഉണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കിലോമീറ്ററുകൾ കൂടുതൽ ഓടിയ പഴയ വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ശേഷം, അവയുടെ യാത്രാദൂരം കുറച്ചുകാണിച്ച് ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്ന തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഇവാൻ കാമിഷാൻസ്കി എന്നയാൾക്കെതിരെ പോലീസ് നിലവിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
2026 മാർച്ചിൽ ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസ് വഴി 2012 മോഡൽ ഹോണ്ട സി.ആർ-വി വാഹനം വാങ്ങിയ വ്യക്തി നൽകിയ പരാതിയെത്തുടർന്നാണ് പോലീസിന്റെ ഡിറ്റക്ടീവ് വിഭാഗം അന്വേഷണം ആരംഭിച്ചത്. വിൽപന സമയത്ത് ഉടമ നൽകിയ കാർഫാക്സ് റിപ്പോർട്ടിൽ വാഹനം 1,69,000 കിലോമീറ്റർ മാത്രമാണ് ഓടിയതെന്ന് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇടപാടിന് ശേഷം പുതിയ ഉടമ ശേഖരിച്ച ഔദ്യോഗിക രേഖകളിൽ വാഹനത്തിന്റെ യഥാർത്ഥ റീഡിംഗ് 3,16,000 കിലോമീറ്ററിലധികമാണെന്ന് കണ്ടെത്തുകയായിരുന്നു. ഒപ്പം വിൽപനയ്ക്കായി ഹാജരാക്കിയ ഇൻഷുറൻസ് രേഖകൾ വ്യാജമാണെന്നും ബോധ്യപ്പെട്ടു. 'സിബ്ഷെക് സെബ്രോവ്സ്കി' എന്ന വ്യാജപ്പേരിലാണ് പ്രതി ഉപഭോക്താവുമായി ഇടപാടുകൾ നടത്തിയത്.
അന്വേഷണത്തിൻ്റെ ഭാഗമായി ജൂൺ 20-ന് പൈൻ ക്രീക്കിലെ പ്രതിയുടെ വസതിയിൽ പോലീസ് നടത്തിയ പരിശോധനയിൽ നിരവധി വ്യാജ തിരിച്ചറിയൽ രേഖകൾ, പൂരിപ്പിച്ച വിൽപന കരാറുകൾ, പണം, വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക പേപ്പറുകൾ എന്നിവ കണ്ടുകെട്ടിയിട്ടുണ്ട്. അയ്യായിരം ഡോളറിലധികം മൂല്യമുള്ള സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവരോ സമാനമായ രീതിയിൽ തട്ടിപ്പിനിരയായവരോ ഉണ്ടെങ്കിൽ 403-266-1234 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്‌സ് വഴിയോ കാൽഗറി പോലീസിനെ അറിയിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്