കസ്റ്റമർമാരുടെ അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാത്ത സാഹചര്യങ്ങളിൽ ആവർത്തിച്ച് ഉയർന്ന തുക സർവീസ് ചാർജ് ഈടാക്കിയതുമായി ബന്ധപ്പെട്ട കൂട്ടഹർജിയിൽ കാനഡയിലെ പ്രമുഖ ബാങ്കായ സി.ഐ.ബി.സി 10 മില്യൺ കനേഡിയൻ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയായി. ഫോൺ ബില്ലുകൾ, ജിം അംഗത്വങ്ങൾ തുടങ്ങിയ പ്രീ-അതൊറൈസ്ഡ് പേയ്‌മെന്റുകൾക്കായി കമ്പനികൾ അക്കൗണ്ടിൽ നിന്ന് പണമീടാക്കാൻ ശ്രമിക്കുമ്പോൾ തുക തികയാതെ വരികയും, പണത്തിനായി കമ്പനികൾ വീണ്ടും വീണ്ടും ശ്രമിക്കുകയും ചെയ്യുമ്പോൾ പരാജയപ്പെടുന്ന ഓരോ ഇടപാടിനും ബാങ്ക് പ്രത്യേകം ചാർജ് ഈടാക്കിയിരുന്നു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെയും ബാങ്കിംഗ് കരാറുകളുടെയും ലംഘനമാണിതെന്ന് ചൂണ്ടിക്കാണിച്ച് പ്രമുഖ നിയമ സ്ഥാപനമായ കോസ്കി മിൻസ്കി എൽ.എൽ.പി നൽകിയ ഹർജിയിലാണ് ഈ നിർണായക ഒത്തുതീർപ്പ്.
2020 സെപ്റ്റംബർ 21-നും 2024 മെയ് 31-നും ഇടയിൽ ഇത്തരത്തിൽ അന്യായമായി ചാർജ് ഈടാക്കപ്പെട്ട സി.ഐ.ബി.സി, സിംപ്ലി ഉപഭോക്താക്കൾക്കാണ് ഈ നഷ്ടപരിഹാരത്തിന് അർഹതയുള്ളത്. ഒക്ടോബർ 19-ന് ഒൻ്റാരിയോ സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ അർഹരായ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ബാങ്ക് നേരിട്ട് തുക നിക്ഷേപിക്കും. ഇതിനായി ഉപഭോക്താക്കൾ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ലെന്നും, ബാങ്ക് രേഖകൾ പരിശോധിച്ച് അർഹരെ കണ്ടെത്തുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, കേസിൽ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് ധാരണയിലെത്തിയതെന്നും നിയമപരമായ വീഴ്ചകൾ തങ്ങൾ സമ്മതിക്കുന്നില്ലെന്നുമാണ് ബാങ്കിൻ്റെ ഔദ്യോഗിക നിലപാട്.
കാനഡയിൽ സാധാരണയായി 45 മുതൽ 48 ഡോളർ വരെയാണ് ഇത്തരത്തിൽ അക്കൗണ്ടിൽ പണമില്ലാത്തതിന് ബാങ്കുകൾ ഈടാക്കിയിരുന്നത്. കുറഞ്ഞ വരുമാനക്കാരായ ഉപഭോക്താക്കളെ കടക്കെണിയിലാക്കുന്ന ഇത്തരം അന്യായമായ ഈടാക്കലുകൾക്കെതിരെ കനേഡിയൻ ഫെഡറൽ സർക്കാർ അടുത്തിടെ ശക്തമായ നിയമനിർമ്മാണം നടത്തിയിരുന്നു. പുതിയ നിയമപ്രകാരം ഇത്തരം പിഴകൾ പരമാവധി 10 ഡോളറായി പരിമിതപ്പെടുത്തുകയും രണ്ട് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ ഒരു തവണ മാത്രമേ ഈ ചാർജ് ഈടാക്കാവൂ എന്ന് കർശനമാക്കുകയും ചെയ്തിട്ടുണ്ട്. സി.ഐ.ബി.സിക്ക് പുറമെ ടി.ഡി ബാങ്ക്, സ്കോഷ്യബാങ്ക്, ആർ.ബി.സി തുടങ്ങിയ കാനഡയിലെ മറ്റ് പ്രമുഖ ബാങ്കുകൾക്കെതിരെയും സമാനമായ നിയമനടപടികൾ പുരോഗമിക്കുകയാണ്.