ബോഡി പോസിറ്റിവിറ്റിയും പരിസ്ഥിതി ബോധവും ഉയർത്തിപ്പിടിച്ച് വാൻകൂവറിൽ നൂറുകണക്കിന് ആളുകളുടെ നഗ്ന സൈക്കിൾ റാലി

By: 600110 On: Jul 4, 2026, 11:13 AM

 

കാർ സംസ്‌കാരത്തോടുള്ള പ്രതിഷേധവും പരിസ്ഥിതി ബോധവൽക്കരണവും ലക്ഷ്യമിട്ട് കാനഡയിലെ വാൻകൂവർ നഗരത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത നഗ്ന സൈക്കിൾ റാലി  നടന്നു. ശനിയാഴ്ച ഉച്ചയ്ക്ക് സൺസെറ്റ് ബീച്ചിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വാൻകൂവർ നഗരവീഥികളിലൂടെ പ്രയാണം ആരംഭിച്ചത്. ഇന്ധന ഉപയോഗം കുറയ്ക്കുക, ഹരിതഗൃഹ വാതക മലിനീകരണത്തിനെതിരെ പ്രതികരിക്കുക, സൈക്കിൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയ്ക്കൊപ്പം സ്വന്തം ശരീരത്തെ പോസിറ്റീവായി കാണാൻ സമൂഹത്തെ പ്രേരിപ്പിക്കുക എന്നതും ഈ റാലിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.

2002-ൽ വാൻകൂവറിൽ തുടക്കം കുറിച്ച ഈ സമാധാനപരമായ വേറിട്ട പ്രതിഷേധം ഇന്ന് ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.  ബെയർ ആസ് യു ഡെയർ  എന്നതായിരുന്നു റാലിയുടെ പ്രധാന മുദ്രാവാക്യം. പൂർണ്ണ നഗ്നരായോ, ശരീരത്തിൽ വിവിധ ചിത്രങ്ങൾ വരച്ചുചേർത്തോ  അല്ലെങ്കിൽ അടിവസ്ത്രങ്ങൾ മാത്രം ധരിച്ചോ പങ്കാളികൾക്ക് ഈ യാത്രയുടെ ഭാഗമാകാമായിരുന്നു. റാലിയിൽ പങ്കെടുക്കുന്നവർക്ക് നഗ്നത നിർബന്ധമല്ലെങ്കിലും സുരക്ഷ മുൻനിർത്തി ഹെൽമറ്റും ഷൂസും ധരിക്കണമെന്ന് സംഘാടകർ കർശന നിർദ്ദേശം നൽകിയിരുന്നു.

നഗരത്തിലൂടെയുള്ള വിജയകരമായ റാലിക്ക് ശേഷം സാമൂഹിക കൂട്ടായ്മയായ 'നിഫ്റ്റി'യുടെ നേതൃത്വത്തിൽ ബീച്ചിൽ പ്രത്യേക പിക്നിക്കും സംഘടിപ്പിച്ചു. വൺകൂവറിലെ വേനൽക്കാലത്തെ ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന പരമ്പരാഗത പരിപാടികളിലൊന്നായി ഈ നഗ്ന സൈക്കിൾ റാലി ഇതിനകം മാറിക്കഴിഞ്ഞു.