വിദേശത്തുള്ള ഇന്ത്യൻ വംശജർക്കായി പുതിയ ‘ഇ-ഒ.സി.ഐ’ കാർഡ് സംവിധാനം കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇനി മുതൽ ഒ.സി.ഐ കാർഡുള്ളവർക്ക് ഇത് മൊബൈൽ ഫോണിൽ സൂക്ഷിക്കാനും യാത്രകളിൽ ഉപയോഗിക്കാനും സാധിക്കും. വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഇനി ഈ ഡിജിറ്റൽ കാർഡ് കാണിച്ചാൽ മതിയാകും.
നിലവിൽ കൈവശമുള്ള ഒ.സി.ഐ ബുക്ക്‌ലെറ്റുകൾക്ക് തുടർന്നും പൂർണ്ണ സാധുതയുണ്ടായിരിക്കും. യാത്രകൾ കൂടുതൽ എളുപ്പമാക്കാനുള്ള ഒരു അധിക ഡിജിറ്റൽ സൗകര്യം മാത്രമാണ് ഇ-ഒ.സി.ഐ. മൊബൈലിൽ എപ്പോഴും ലഭ്യമായതിനാൽ രേഖകൾ നഷ്ടപ്പെടാനോ കേടുപാടുകൾ സംഭവിക്കാനോ ഉള്ള സാധ്യത കുറയുന്നതിനൊപ്പം വിമാനത്താവളങ്ങളിലെ പരിശോധനകൾ വേഗത്തിലാക്കാനും ഇത് സഹായിക്കുന്നു.
ഇ-ഒ.സി.ഐ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി https://ociservices.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. തുടർന്ന് ഇ-ഒ.സി.ഐ സെക്ഷൻ തിരഞ്ഞെടുക്കുക. ലോഗിൻ ചെയ്ത ശേഷം ഹോം പേജിലെ ഡാഷ്‌ബോർഡിൽ കാണുന്ന 'e-OCI' എന്ന ടാബ് തിരഞ്ഞെടുക്കുക.
ഇവിടെ നിങ്ങളുടെ ഒ.സി.ഐ അപേക്ഷയുടെ വിവരങ്ങൾ കാണാം. അതിന് നേരെ അവസാന കോളംത്തിലുള്ള ‘Generate e-OCI Card’ എന്നതിൽ ക്ലിക്ക് ചെയ്ത് കാർഡ് ഡൌൺലോഡ് ചെയ്യാം.
കാർഡ് തയ്യറായാൽ അത് നിങ്ങളുടെ മൊബൈൽ ഫോണിലോ മറ്റ് ഡിവൈസുകളിലോ ഡൗൺലോഡ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കാനവുന്നതാണ്. യാത്രകളിൽ ഇമിഗ്രേഷൻ കൗണ്ടറുകളിലും വിമാനക്കമ്പനികൾക്കും ഇത് കാണിക്കാവുന്നതാണ്. ഒ.സി.ഐ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി നിലവിൽ കൈവശമില്ലെങ്കിൽ, വെബ്‌സൈറ്റിലെ 'OCI Miscellaneous Services' വഴി പാസ്‌പോർട്ട് വിവരങ്ങളും പുതിയ ഇമെയിൽ ഐഡിയും നൽകി അത് പുതുക്കാവുന്നതാണ്. ഗവൺമെന്റ് ഇത് അംഗീകരിച്ച ശേഷം പുതിയ ഇ-കാർഡ് ഡൗൺലോഡ് ചെയ്യാം.
ഒ.സി.ഐ കാർഡുള്ളവർക്ക് ഇന്ത്യയിൽ വന്ന് ഗവേഷണങ്ങൾ, പത്രപ്രവർത്തനം, പർവ്വതാരോഹണം, മിഷണറി പ്രവർത്തനങ്ങൾ, വിദേശ എംബസികളിലെ ജോലി എന്നിവ ചെയ്യണമെങ്കിലും ഇന്ത്യയിലെ ചില പ്രത്യേക നിയന്ത്രിത മേഖലകളിൽ ( സന്ദർശനം നടത്തണമെങ്കിലും മുൻകൂട്ടി പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.