കാൻസർ ചികിത്സയ്ക്കുള്ള ഒരു പ്രധാന മരുന്നിന് കടുത്ത ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ, ചൈനയിൽ നിന്നുള്ള മരുന്ന് താൽക്കാലികമായി രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യാൻ ഹെൽത്ത് കാനഡ അനുമതി നൽകി. കാൻസർ ചികിത്സയ്ക്കുള്ള 'ഇഫോസ്ഫാമൈഡ്' എന്ന ഇൻജക്ഷൻ മരുന്നിനാണ് നിലവിൽ രാജ്യത്ത് വലിയ ക്ഷാമമുള്ളത്. ചൈനീസ് സർക്കാരിൻ്റെ അംഗീകാരമുള്ള ഒരു മരുന്ന് കാനഡയിൽ ഇറക്കുമതി ചെയ്ത് വിൽക്കാൻ അനുമതി നൽകുന്നത് ഇതാദ്യമായാണെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കി.
സെർവ്വിക്കൽ, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകളുടെയും, സോഫ്റ്റ് ടിഷ്യു സർക്കോമയുടെയും ചികിത്സയ്ക്കാണ് 'ഇഫോസ്ഫാമൈഡ്' പ്രധാനമായും ഉപയോഗിക്കുന്നത്. കാനഡയിൽ നിലവിലുള്ള അതേ ഗുണനിലവാരവും ചേരുവകളും അളവുകളുമാണ് ചൈനയിൽ നിന്നുള്ള ഈ മരുന്നിനുമുള്ളത്. എന്നാൽ സാധാരണ മരുന്നിനെ അപേക്ഷിച്ച് ഇത് കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്. അതിനാൽ ആശുപത്രികൾ ഈ മരുന്ന് ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും കുപ്പികളിൽ കൃത്യമായ ലേബലുകൾ പതിക്കണമെന്നും നിർദ്ദേശമുണ്ട്.
യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ കണക്കുകൂട്ടൽ അനുസരിച്ച് ഈ മരുന്നിൻ്റെ ആഗോള ക്ഷാമം 2027-ൻ്റെ ആദ്യ പകുതി വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. ചൈനയിൽ വിൽക്കാൻ തയ്യാറാക്കിയ ഒരു മരുന്ന് കാനഡയിലെ രോഗികൾക്കായി അടിയന്തരമായി എത്തിക്കുന്നു എന്ന പ്രത്യേകതയാണ് ഈ തീരുമാനത്തിനുള്ളത്. കാനഡയിലെ മാനദണ്ഡങ്ങൾക്കനുസരിച്ച് കൃത്യമായ പരിശോധനകൾക്ക് ശേഷമായിരിക്കും മരുന്ന് രോഗികൾക്ക് നൽകുകയെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി.