ആൽബർട്ടയിൽ നിന്നുള്ള പുതിയ എണ്ണ പൈപ്പ്‌ലൈൻ പദ്ധതിയെ എതിർത്തും അനുകൂലിച്ചുമുള്ള ചർച്ചകൾ കാനഡയിൽ ശക്തമാകുന്നു. ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്തും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചേർന്നാണ് ഈ പദ്ധതി നിർദ്ദേശം ഫെഡറൽ സർക്കാരിൻ്റെ അനുമതിക്കായി സമർപ്പിച്ചത്.
നിലവിലുള്ള 'ട്രാൻസ് മൗണ്ടൻ' പൈപ്പ്‌ലൈന് സമാന്തരമായി പുതിയൊരെണ്ണം കൂടി നിർമ്മിച്ച്, പ്രതിദിനം 10 ലക്ഷത്തിലധികം ബാരൽ എണ്ണ ഏഷ്യൻ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം. ഇത് വലിയ തോതിൽ നിക്ഷേപവും പതിനായിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് ഭരണാധികാരികൾ അവകാശപ്പെടുന്നത്. 2027-ൽ നിർമ്മാണം ആരംഭിച്ച് 2033-ഓടെ എണ്ണ വിതരണം തുടങ്ങാനാണ് ലക്ഷ്യമെങ്കിലും ഇതിന് മുന്നിൽ കടുത്ത വെല്ലുവിളികളുണ്ട്. 2024-ൽ പൂർത്തിയായ മുൻ പൈപ്പ്‌ലൈൻ പദ്ധതിക്ക് തന്നെ 34 ശതകോടിയിലധികം ഡോളർ ചിലവായിരുന്നു. പുതിയ പദ്ധതിക്ക് ഇതിലും വലിയ തുക ചിലവ് വരുമെന്നാണ് വിലയിരുത്തൽ.
ഇത്രയും വലിയ തുക ചിലവിട്ട് നിർമ്മിക്കുന്ന പൈപ്പ്‌ലൈൻ ഉപയോഗിക്കാൻ എണ്ണ ഉത്പാദക കമ്പനികൾ തയ്യാറാകുമോ എന്നതിൽ ആശങ്കയുണ്ട്. മറ്റ് മൂന്ന് പൈപ്പ്‌ലൈൻ വികസന പദ്ധതികൾ നിലവിൽ കുറഞ്ഞ ചിലവിൽ പുരോഗമിക്കുന്നുണ്ടെന്നതും ഈ പദ്ധതിയുടെ സാധ്യതകളെ ബാധിച്ചേക്കാം. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി 16.5 ശതകോടി ഡോളർ ചിലവിൽ ലോകത്തിലെ ഏറ്റവും വലിയ 'കാർബൺ കാപ്ചർ' പദ്ധതിയും ഇതിനൊപ്പം വിഭാവനം ചെയ്യുന്നുണ്ട്. എന്നാൽ ഇതിൻ്റെ വൻ ചിലവ് എണ്ണ കമ്പനികൾക്ക് വലിയ ബാധ്യതയായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ചുരുക്കത്തിൽ, രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഒന്നാണിതെന്ന് ഗവൺമെൻ്റ് അവകാശപ്പെടുമ്പോൾ, കടുത്ത സാമ്പത്തിക ബാധ്യതകളും പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം ഇത് നടപ്പിലാകാൻ പ്രയാസമാണെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം.