കാനഡയിൽ അടുത്തിടെയുണ്ടായ ചില ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിന് പങ്കുണ്ടാകാമെന്ന് സൂചന. കനേഡിയൻ സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ രഹസ്യ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. കാനഡയിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഇറാൻ അവിടുത്തെ പ്രാദേശിക ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ചിരിക്കാൻ വലിയ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
യൂറോപ്പിൽ ജൂതന്മാർക്കെതിരെ ആക്രമണം നടത്താൻ ഇറാൻ ക്രിമിനലുകളെ സഹായിക്കുന്നുണ്ട്. സമാനമായ രീതിയിൽ കാനഡയിലും അക്രമങ്ങൾ നടത്താൻ അവർ നിർദ്ദേശം നൽകിയിട്ടുണ്ടാകാമെന്നാണ് സുരക്ഷാ ഏജൻസികൾ കരുതുന്നത്. ടൊറൻ്റോയിലെ ജൂതപ്പള്ളികൾക്ക് നേരെയും യു.എസ് എംബസിക്ക് നേരെയും വെടിവയ്പ്പുണ്ടായിരുന്നു. എൻക്രിപ്റ്റഡ് മെസ്സേജിങ് ആപ്പുകൾ വഴി ക്രിമിനലുകളെ വാടകയ്‌ക്കെടുത്താണ് ഈ ആക്രമണങ്ങൾ നടത്തിയത്. ആക്രമണത്തിൻ്റെ വീഡിയോ റെക്കോർഡ് ചെയ്ത് അയച്ചു നൽകിയ ശേഷമാണ് ഇവർക്ക് പണം കൈമാറിയത്.
കനേഡിയൻ അധികൃതർ ഇതിൽ ഇറാൻ്റെ പേര് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും, ഒരു "വിദേശ ശക്തി"ക്ക് ഇതിൽ പങ്കുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ മുൻപും വിദേശ രാജ്യങ്ങളിലുള്ള അവരുടെ എതിരാളികളെയും ജൂത സമൂഹങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയിട്ടുള്ളതായി റിപ്പോർട്ടിൽ ഓർമ്മിപ്പിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇറാനുമായി യാതൊരുവിധ നയതന്ത്ര ബന്ധവും പുനഃസ്ഥാപിക്കാൻ കാനഡയ്ക്ക് പദ്ധതിയില്ലെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി.