ഫിഫ പ്രസിഡന്റില്‍ നിന്ന് ട്രംപിന് ലഭിച്ച വേള്‍ഡ് കപ്പ് ഫൈനല്‍ ടിക്കറ്റുകള്‍ വൈറ്റ് ഹൗസിലെ 'ഹോട്ട് ഇന്‍വൈറ്റ്' 

By: 600002 On: Jul 4, 2026, 7:41 AM


 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ച ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ വിവിഐപി ടിക്കറ്റുകള്‍ വൈറ്റ് ഹൗസിലെ ഏറ്റവും ചര്‍ച്ചാവിഷയമായി മാറുന്നു. ജൂലൈ 19-ന് ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടം കാണാന്‍ 10 വിശിഷ്ട ടിക്കറ്റുകളാണ് ട്രംപിന് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ ഓഗസ്റ്റില്‍ ഓവല്‍ ഓഫീസ് സന്ദര്‍ശനവേളയില്‍ ഇന്‍ഫാന്റിനോ ട്രംപിന് ഒരു ഭീമന്‍ ടിക്കറ്റ് മാതൃക സമ്മാനിച്ചിരുന്നു, ഇതിന് പിന്നാലെയാണ് യഥാര്‍ത്ഥ ടിക്കറ്റുകള്‍ ലഭിച്ചത്. ഈ വിലയേറിയ ടിക്കറ്റുകള്‍ ട്രംപിന്റെ കുടുംബാംഗങ്ങള്‍ക്കും ഏതാനും ഉന്നത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ക്കും ലഭിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ട്രംപിന്റെ സാമ്പത്തിക വെളിപ്പെടുത്തല്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിനും ഇന്‍ഫാന്റിനോ ട്രംപിന് 10 ടിക്കറ്റുകള്‍ സമ്മാനിച്ചിരുന്നു, അവയ്ക്ക് 15,000 ഡോളറായിരുന്നു മൂല്യം. എന്നാല്‍ വരാനിരിക്കുന്ന ലോകകപ്പ് ഫൈനല്‍ ടിക്കറ്റുകളുടെ മൂല്യം ഇതിന്റെ എത്രയോ ഇരട്ടിയായിരിക്കുമെന്നാണ് വിലയിരുത്തല്‍.