പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി:അമേരിക്കയിലെ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സമ്പാദ്യ പദ്ധതിയായ 'ട്രംപ് അക്കൗണ്ട്‌സ്' പ്രോഗ്രാമിലേക്ക് മൈക്രോണ്‍ ടെക്‌നോളജി 250 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്ന് സി.ഇ.ഒ സഞ്ജയ് മെഹ്‌റോത്ര പ്രഖ്യാപിച്ചു. ജൂലൈ 4 മുതല്‍ ഈ പദ്ധതി പ്രാബല്യത്തില്‍ വരും.
സാങ്കേതികവിദ്യയില്‍ നിക്ഷേപിക്കുന്നതുപോലെ തന്നെ ജനങ്ങളില്‍ നിക്ഷേപിക്കുന്നതും പ്രധാനമാണെന്ന് മെഹ്‌റോത്ര വ്യക്തമാക്കി. മൈക്രോണ്‍ ജീവനക്കാരുടെ കുട്ടികള്‍ക്ക് 1,000 ഡോളര്‍ വരെയുള്ള മാച്ചിങ് കോണ്‍ട്രിബ്യൂഷനും, കമ്പനിക്ക് പ്രവര്‍ത്തനങ്ങളുള്ള സംസ്ഥാനങ്ങളിലെ (ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ടെക്‌സസ് ഉള്‍പ്പെടെ) കുട്ടികള്‍ക്ക് ഒറ്റത്തവണയായി 250 ഡോളര്‍ നിക്ഷേപവും നല്‍കുന്നതാണ് ഈ പദ്ധതി. ഏകദേശം 10 ലക്ഷം കുട്ടികളിലേക്ക് ഈ സഹായം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതൊരു ചരിത്രപരമായ കോര്‍പ്പറേറ്റ് നിക്ഷേപമാണെന്നും തന്റെ സാമ്പത്തിക നയങ്ങളുടെ വിജയമാണിതെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. നേരത്തെ, ഡെല്‍ ടെക്‌നോളജീസ് സ്ഥാപകന്‍ മൈക്കല്‍ ഡെല്ലും ഭാര്യയും ചേര്‍ന്ന് ഈ പദ്ധതിയിലേക്ക് 6.25 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു.