എലോൺ മസ്കിൻ്റെ 'ന്യൂറാലിങ്ക്' ചിപ്പ് തലച്ചോറിൽ ഘടിപ്പിച്ച് കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥൻ 

By: 600110 On: Jul 3, 2026, 2:25 PM

 

എലോൺ മസ്കിൻ്റെ 'ന്യൂറാലിങ്ക്' ബ്രെയിൻ ചിപ്പ് വിജയകരമായി ഘടിപ്പിച്ച് കനേഡിയൻ സ്വദേശി. വാൻകൂവർ പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥനായ ലീ മാർട്ടൻ (48) ആണ് ഈ അത്യാധുനിക ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മാരകമായ എ.എൽ.എസ് രോഗബാധിതനായ ഇദ്ദേഹം കാനഡയിൽ ഈ ചിപ്പ് സ്വീകരിക്കുന്ന ആദ്യ രോഗികളിൽ ഒരാളാണ്.

ലോകത്താകെ ഈ പ്രക്രിയയ്ക്ക് വിധേയനാകുന്ന ഇരുപത്തിയാറാമത്തെ വ്യക്തിയാണ് മാർട്ടൻ. ടൊറൻ്റോ വെസ്റ്റേൺ ഹോസ്പിറ്റലിൽ വെച്ചായിരുന്നു ഈ സങ്കീർണ്ണമായ ശസ്ത്രക്രിയ നടന്നത്. മനുഷ്യൻ്റെ തലമുടിയേക്കാൾ കനം കുറഞ്ഞ ആയിരത്തിലധികം ഇലക്ട്രോഡുകളാണ് മാർട്ടൻ്റെ തലച്ചോറിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതിനായി സാൻ ഫ്രാൻസിസ്കോയിൽ നിന്നെത്തിച്ച രണ്ട് മീറ്റർ ഉയരമുള്ള അത്യാധുനിക റോബോട്ടിൻ്റെ സഹായമാണ് ഡോക്ടർമാർ തേടിയത്. മുൻപത്തെക്കാൾ സുരക്ഷിതമായി, തലച്ചോറിൻ്റെ സംരക്ഷണ പാളിയായ 'ഡ്യൂറ' മാറ്റാതെ അതിലൂടെ നേരിട്ട് ചിപ്പ് കടത്തിവിടുന്ന പുതിയ സാങ്കേതികവിദ്യയാണ് മാർട്ടനിൽ പരീക്ഷിച്ചത്. ലോകത്തിൽ ആദ്യമായാണ് ഈ രീതിയിൽ ചിപ്പ് ഘടിപ്പിക്കുന്നത്.

ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം വന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ മാർട്ടൻ ചിപ്പിൻ്റെ സഹായത്തോടെ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചു തുടങ്ങി. കൈകൾ ചലിപ്പിക്കാതെ തന്നെ ചിന്തകൾ കൊണ്ട് കമ്പ്യൂട്ടറിൽ വേഗത്തിൽ ടൈപ്പ് ചെയ്യാൻ ഇപ്പോൾ ഇദ്ദേഹത്തിന് സാധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ തൻ്റെ കുട്ടികളോടൊപ്പം വീഡിയോ ഗെയിമുകൾ കളിക്കാനും പാട്ടുകൾ തിരഞ്ഞെടുക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് മാർട്ടൻ്റെ പദ്ധതി.

ശരീരത്തിലെ പേശികളുടെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ട്, ഒടുവിൽ സംസാരിക്കാനും ശ്വാസമെടുക്കാനും കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്ന രോഗമാണ് എ.എൽ.എസ്. ഭാവിയിൽ സംസാരിക്കാൻ കഴിയാതെ വരുമ്പോൾ കമ്പ്യൂട്ടർ വഴി കുടുംബവുമായി ആശയവിനിമയം നടത്താൻ ഈ ചിപ്പ് സഹായിക്കുമെന്നാണ് മാർട്ടൻ്റെ ഭാര്യ ലിസയുടെ പ്രതീക്ഷ.  ചികിത്സയുടെ ഭാഗമായി മാർട്ടൻ്റെ തലച്ചോറിലെ ചിപ്പ് എഞ്ചിനീയർമാർ അടുത്ത ഒരു വർഷത്തേക്ക് നിരീക്ഷിക്കും.