ബ്രിട്ടീഷ് കൊളംബിയയിൽ വേതന വർദ്ധനവ് ആവശ്യപ്പെട്ട് സമരവുമനായി നഴ്‌സുമാരുടെ സംഘടന

By: 600110 On: Jul 3, 2026, 2:05 PM

 



ബ്രിട്ടീഷ് കൊളംബിയയിലെ നഴ്‌സുമാർ തങ്ങളുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നഴ്‌സുമാരുടെ സംഘടനയായ 'ബി.സി. നഴ്‌സസ് യൂണിയൻ' 72 മണിക്കൂർ പണിമുടക്കിന് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് വ്യാഴാഴ്ച മുതലാണ് സമരം തുടങ്ങിയത്
 
രോഗീപരിചരണത്തെ പൂർണ്ണമായി ബാധിക്കാത്ത രീതിയിലാണ് നിലവിൽ സമരം ക്രമീകരിച്ചിരിക്കുന്നത്. എങ്കിലും ഇത് ആരോഗ്യ മേഖലയിലെ സേവനങ്ങളെ ഒരു പരിധി വരെ ബാധിക്കുമെന്ന് യൂണിയൻ വ്യക്തമാക്കി. സമരത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച മുതൽ നഴ്‌സുമാർ തങ്ങളുടെ ഔദ്യോഗിക ചുമതലയിലല്ലാത്ത ജോലികൾ ചെയ്യുന്നത് നിർത്തിവെച്ചു. രോഗികൾക്ക് സുരക്ഷിതവും മികച്ചതുമായ പരിചരണം നൽകുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ്  തീരുമാനം.  അത്യാവശ്യ ഘട്ടങ്ങളിലൊഴികെ, നിശ്ചിത സമയത്തിന് ശേഷമുള്ള അധിക ജോലികൾ ചെയ്യാൻ നഴ്‌സുമാർ വിസമ്മതിക്കും.
 
ലാബ് സാമ്പിളുകൾ എത്തിക്കുക, മരുന്നുകൾ പോയി വാങ്ങുക, ഫയലുകൾ സൂക്ഷിക്കുക, രോഗികൾക്കുള്ള ഭക്ഷണപ്പാത്രങ്ങൾ വിതരണം ചെയ്യുകയും തിരികെ എടുക്കുകയും ചെയ്യുക, വാർഡുകളിലെ ലൈറ്റ് ബൾബുകൾ മാറ്റുക, മറ്റ് ക്ലറിക്കൽ ജീവനക്കാർ വിശ്രമവേളയിലായിരിക്കുമ്പോൾ അവരുടെ ജോലി ചെയ്യുക, കട്ടിലുകളും ബാത്ത് ടബ്ബുകളും വൃത്തിയാക്കുക തുടങ്ങിയ നഴ്‌സിംഗ് ഇതര ജോലികളിൽ നിന്നാണ് നഴ്‌സുമാർ വിട്ടുനിൽക്കുന്നത്. കഴിഞ്ഞ മാസം അധികൃതർ മുന്നോട്ടുവെച്ച താൽക്കാലിക ശമ്പള പരിഷ്കരണ കരാർ നഴ്‌സുമാർ നിരസിച്ചിരുന്നു. ഇതിനുശേഷമുള്ള സമരത്തിൻ്റെ ആദ്യ ഘട്ടമാണിത്. അടിസ്ഥാന ശമ്പളത്തിൽ ന്യായമായ വർദ്ധനവ് വേണമെന്നാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം.

ആരോഗ്യ മേഖല ഒരു അവശ്യ സർവീസ്  ആയതിനാൽ, ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ കുറഞ്ഞ എണ്ണം ജീവനക്കാർ എപ്പോഴും ഡ്യൂട്ടിയിലുണ്ടാകും. നഴ്‌സുമാരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് നഴ്‌സസ് ബാർഗെയിനിംഗ് അസോസിയേഷൻ  ആവശ്യപ്പെട്ടു. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ആരോഗ്യരംഗം മെച്ചപ്പെടുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യൂണിയൻ പ്രസിഡന്റ് അഡ്രിയാൻ ഗിയർ വ്യക്തമാക്കി.