ആൽബർട്ട-ബി.സി. പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുക പൊതു - സ്വകാര്യ പങ്കാളിത്തത്തിലെന്ന് മാർക്ക് കാർണിയും ഡാനിയേൽ സ്മിത്തും

By: 600110 On: Jul 3, 2026, 2:00 PM

 

ആൽബർട്ടയിൽ നിന്ന് ബ്രിട്ടീഷ് കൊളംബിയ തീരം വരെ പുതിയ പൈപ്പ് ലൈൻ നിർമിക്കുന്നതിനുള്ള പദ്ധതി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ചേർന്ന് പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ്  ഈ വൻകിട പദ്ധതി നടപ്പാക്കുന്നത്. കാൽഗരിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇരു നേതാക്കളും ഇക്കാര്യം അറിയിച്ചത്.

സർക്കാർ ഉടമസ്ഥതയിലുള്ള 'ട്രാൻസ് മൗണ്ടൻ കോർപ്പറേഷനും' സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനിയായ 'പെമ്പിന പൈപ്പ്‌ലൈൻ കോർപ്പറേഷനും' സംയുക്തമായാണ് പദ്ധതിയുടെ ആസൂത്രണവും നിർമാണവും നിർവഹിക്കുന്നത്. നിലവിലുള്ള ട്രാൻസ് മൗണ്ടൻ പൈപ്പ്‌ലൈൻ പാത പിന്തുടർന്നായിരിക്കും പുതിയ ലൈനും സ്ഥാപിക്കുക. ആൽബർട്ടയിലെ ബ്രൂഡർഹൈമിൽ  നിന്ന് തുടങ്ങി ബി.സി.യുടെ തെക്കൻ തീരത്തെ വലിയ എണ്ണക്കപ്പലുകൾക്ക്  അടുക്കാൻ ശേഷിയുള്ള ആഴക്കടൽ തുറമുഖം വരെയായിരിക്കും ഈ പാത.

പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ കടത്തിവിടാൻ ശേഷിയുള്ളതായിരിക്കും പുതിയ പൈപ്പ്‌ലൈൻ. പദ്ധതിയിൽ പ്രാദേശിക ആദിവാസി സമൂഹങ്ങളെ പങ്കാളികളാക്കുന്നതിനുള്ള ചർച്ചകൾ ഇരു സർക്കാരുകളും ഉടൻ ആരംഭിക്കും. ഈ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി മാർക്ക് കാർണി ബി.സി. പ്രീമിയർ ഡേവിഡ് എബിയുമായി ഒപ്പുവെച്ച കോടിക്കണക്കിന് ഡോളറിൻ്റെ ധാരണാപത്രമാണ് പുതിയ പദ്ധതിക്ക് വഴിയൊരുക്കിയത്. ബി.സി.യുടെ വടക്കൻ തീരത്ത് നിലവിലുള്ള എണ്ണ ടാങ്കർ നിരോധനം കർശനമായി തുടരും.

പൈപ്പ്‌ലൈൻ പദ്ധതി ഫെഡറൽ സർക്കാരിൻ്റെ പരിധിയിൽ വരുന്നതായതിനാൽ ഇതിനെതിരെ കോടതിയിൽ പോകില്ലെന്ന് ബി.സി. പ്രീമിയർ ഡേവിഡ് എബി വ്യക്തമാക്കി. എന്നാൽ പരിസ്ഥിതി ആഘാതങ്ങൾ നേരിടുന്നതിനായി പ്രത്യേക ഫണ്ട്, വാർഷിക റോയൽറ്റി എന്നിവ ബി.സി.ക്ക് ഉറപ്പാക്കും. നിലവിലുള്ള തെക്കൻ ട്രാൻസ് മൗണ്ടൻ പൈപ്പ്‌ലൈനിൻ്റെ ശേഷി പ്രതിദിനം 8.9 ലക്ഷം ബാരലിൽ നിന്ന് 12 ലക്ഷം ബാരലായി ഉയർത്താനും ധാരണയായിട്ടുണ്ട്.

എണ്ണമണൽ ഖനനത്തിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള  'പാത്ത്‌വേസ് പ്രൊജക്റ്റുമായി' ചേർന്നായിരിക്കും ഈ പുതിയ പദ്ധതി പ്രവർത്തിക്കുക. വടക്കൻ തീരത്തെ ടാങ്കർ നിരോധനം നിലനിർത്തിയതിൽ പ്രദേശവാസികളും പരിസ്ഥിതി സംഘടനകളും ആശ്വാസം പ്രകടിപ്പിച്ചു. എന്നാൽ തെക്കൻ തീരത്തുണ്ടാകാനിടയുള്ള എണ്ണച്ചോർച്ചാ സാധ്യതകളെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകർ ആശങ്ക ഉന്നയിക്കുന്നുണ്ട്.