വിനോദോപാധിയെന്ന നിലയിൽ കഞ്ചാവ് ഉപയോഗിക്കുന്നത് യുവാക്കളിൽ ഗുരുതരമായ മാനസികരോഗങ്ങൾക്കും ലഹരി അടിമത്തത്തിനും കാരണമാകുന്നതായി പുതിയ പഠന റിപ്പോർട്ട്. പതിവായി കഞ്ചാവ് ഉപയോഗിക്കുന്നവരിലും അതിന് അടിമപ്പെടുന്നവരിലും ഇത്തരം മാനസിക വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
കഞ്ചാവ് തികച്ചും സുരക്ഷിതവും പ്രകൃതിദത്തവുമായ ഒരു ലഹരിവസ്തുവാണെന്ന യുവാക്കളുടെ തെറ്റായ ധാരണകളെ തിരുത്തുന്നതാണ് അന്താരാഷ്ട്ര തലത്തിൽ പുറത്തുവന്ന ഈ പുതിയ ഗവേഷണ റിപ്പോർട്ട്. കൗമാരക്കാരിലും യുവാക്കളിലും കഞ്ചാവിൻ്റെ ഉപയോഗം വലിയ തോതിൽ മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ദിവസേന കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കൾക്ക്, ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് മാനസികരോഗങ്ങൾ പിടിപെടാനുള്ള സാധ്യത നാലിരട്ടി വരെയാണ്. വളർച്ചയുടെ ഘട്ടത്തിലുള്ള മസ്തിഷ്കത്തെയാണ് കഞ്ചാവിലെ രാസവസ്തുക്കൾ പ്രധാനമായും ബാധിക്കുന്നത്. ഇത് വ്യക്തികളെ യാഥാർത്ഥ്യത്തിൽ നിന്ന് അകറ്റുകയും അകാരണമായ ഭയം, ഭ്രമാത്മക ചിന്തകൾ , വിഷാദരോഗം, ബൈപോളാർ ഡിസോർഡർ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ലഹരി ഉപയോഗം നിയന്ത്രിക്കാൻ സാധിക്കാത്ത വിധം കഞ്ചാവിന് അടിമപ്പെടുന്ന 15-നും 25-നും ഇടയിൽ പ്രായമുള്ളവരിൽ മൂന്നിലൊരാൾക്ക് വീതം ഈ മാനസിക വൈകല്യങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. കഞ്ചാവിൻ്റെ ഉപയോഗം കുറയ്ക്കുകയോ പൂർണ്ണമായി നിർത്തുകയോ ചെയ്യുമ്പോൾ മാത്രമാണ് ഈ മാനസികരോഗ ലക്ഷണങ്ങളിൽ കുറവുണ്ടാകുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കഞ്ചാവ് ഉൽപ്പന്നങ്ങൾ പോലും വിഷാദരോഗത്തിനോ മറ്റ് മാനസിക ബുദ്ധിമുട്ടുകൾക്കോ ഉള്ള യഥാർത്ഥ ചികിത്സയ്ക്ക് പകരമാകില്ലെന്നും, നിയമനിർമ്മാതാക്കളും ആരോഗ്യവിദഗ്ദ്ധരും ഇതിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു